കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ നിലപാട് എടുത്തിട്ടില്ലെന്ന് എ.എം.എം.എ. സംഭവത്തില്‍ സംഘടനയുടെ നിലപാടിനെ അതിശക്തമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് എ.എം.എം.എ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്

കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണെന്ന് തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ വ്യക്തമാക്കി. മോഹന്‍ലാലിന്റെ  തലയില്‍ മാത്രം ആരോപണം വെച്ച് കെട്ടരുതെന്നും എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും എ.എം.എം.എ പറയുന്നു. 

നേതൃത്വവുമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള നടപടികള്‍ വൈകിയത് പ്രളയം മൂലമാണെന്ന് എ.എം.എം.എ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ നേതൃത്വത്തിനെതിരേ നടിമാര്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് എ.എം.എം.എയുടെ പ്രതികരണം. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ചോദ്യം ചെയ്തു. 

''അഞ്ചരക്കോടി നല്‍കിയ ദീലീപിനോട് എ.എം.എം.എ വിധേയത്വം കാണിക്കുന്നതില്‍ എന്തുകുഴപ്പം''

എ.എം.എം.എയുടെ തെറ്റായ നടപടി തിരുത്തുമെന്ന് കരുതിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് തങ്ങളെ മൂടിയെന്നും ഡബ്ല്യൂ.സി.സി അംഗങ്ങള്‍ കുറ്റപ്പെടുത്തി.