പവൻ കല്യാൺ, തെരിയിൽ വിജയ് | ഫോട്ടോ: twitter.com/harish2you, www.facebook.com/ActorVijay
തെലുങ്കിലെ സൂപ്പർതാരം പവൻ കല്യാൺ നായകനാവുന്ന പുതിയ ചിത്രത്തിനെതിരെ പവൻ ആരാധകർ തന്നെ രംഗത്ത്. വിജയ് നായകനായ തമിഴ് ചിത്രം തെരിയുടെ റീമേക്കാണ് ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രമെന്ന അഭ്യൂഹം പരന്നതാണ് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്. റീമേക്ക് ചിത്രമല്ല തങ്ങൾക്ക് വേണ്ടതെന്നും ഒറിജിനൽ ചിത്രമാണ് ആവശ്യമെന്നും പറഞ്ഞുകൊണ്ടുള്ള സോഷ്യൽ മീഡിയ പ്രചാരണവും ആരാധകർ നടത്തുന്നുണ്ട്.
കഴിഞ്ഞദിവസമാണ് സംവിധായകൻ ഹരീഷ് ശങ്കർ തന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള സൂചന നൽകിയത്. നടൻ ബ്രഹ്മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ രംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ലോ മോഷനിൽ നടക്കുന്ന നടന്റെ പിന്നിലായി ഒരുസംഘം ആളുകൾ പോലീസ് വേഷത്തിലുള്ള പവൻ കല്യാണിന്റെ കൂറ്റൻ കട്ടൗട്ടും വഹിച്ചുകൊണ്ടാണ് വരുന്നത്. 'വലിയ ഒരതിശയം പിന്നാലെ വരുന്നുണ്ട്' എന്നാണ് സംവിധായകൻ ഇതിനൊപ്പം കുറിച്ചത്. ഇതോടെയാണ് പുതിയ ചിത്രത്തിൽ പവൻ കല്യാൺ പോലീസ് വേഷത്തിലായിരിക്കുമെന്നും അത് തെരിയുടെ റീമേക്ക് ആയിരിക്കാമെന്നുമുള്ള വാർത്ത പരന്നത്.
തൊട്ടുപിന്നാലെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയ വഴി ആരാധകർ അഴിച്ചുവിട്ടത്. മീമുകളും അഭ്യർത്ഥനയുമെല്ലാമായി രംഗം കൊഴുത്തു. തെരിയുടെ റീമേക്ക് ആണ് ഹരീഷ് ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ തങ്ങൾക്കത് വേണ്ട എന്നാണ് ആരാധകർ പറയുന്നത്. ആറുവർഷം മുമ്പ് ഇറങ്ങിയ ചിത്രം ആ സമയത്ത് തന്നെ തെലുങ്കിലും മൊഴിമാറ്റിയെത്തിയിരുന്നു. ഓ.ടി.ടിയിലും നിരവധി തവണ ടീവിയിലും പ്രദർശിപ്പിച്ച ചിത്രം ഇനി റീമേക്ക് ചെയ്യേണ്ടതില്ല എന്നും അവർ പറയുന്നു. റീമേക്ക് ചെയ്യാനാണ് തീരുമാനമെങ്കിൽ ആത്മഹത്യ ചെയ്തുകളയും എന്ന് സംവിധായകന് കത്തെഴുതിയ ആരാധകരുമുണ്ട്. കത്തിൽ നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്സിനേയും പരാമർശിച്ചിട്ടുണ്ട്.
'വീ ഡോണ്ട് വാണ്ട് തെരി റീമേക്ക്' എന്ന ഹാഷ്ടാഗിലാണ് മിക്ക ട്വീറ്റുകളും. തെലുങ്കിൽ റീമേക്ക് ചിത്രങ്ങളെടുക്കുന്നതിൽ മുൻപന്തിയിലുള്ള താരമാണ് പവൻ കല്യാൺ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്കാണ് താരത്തിന്റേതായി അവസാനമിറങ്ങിയ 'ഭീംലാ നായക്'. തൊട്ടുമുമ്പിറങ്ങിയ 'വക്കീൽ സാബ്' ആകട്ടെ അമിതാഭ് ബച്ചൻ ചിത്രം പിങ്കിന്റെ റീമേക്കും.
ബഹുഭാഷാ ചിത്രമായൊരുങ്ങുന്ന 'ഹരിഹര വീര മല്ലു'വാണ് പവൻ കല്യാൺ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു യോദ്ധാവായാണ് പവൻ കല്യാൺ എത്തുന്നത്. 2023 മാർച്ച് 30-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പ്രഭാസിനെ നായകനാക്കി സാഹോ എന്ന ചിത്രമൊരുക്കിയ സുജീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പവൻ കല്യാണാണ് നായകൻ.
Content Highlights: don's want theri remake, pawan kalyan fans hash tag campaign
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..