ചെന്നൈ: വിജയ് ചിത്രം 'സര്‍ക്കാരി'ന്റെ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ അറസ്റ്റ് നീട്ടി മദ്രാസ് ഹൈക്കോടതി. മുരുഗദോസിനെ നവംബര്‍ 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് തമിഴ്‌നാട് പോലീസിനോട് കോടതി നിര്‍ദേശിച്ചു.

സിനിമയിലെ ഏതാനും സീനുകളോട് എതിർപ്പ് പ്രകടിപ്പിച്ച് ഭരണകക്ഷിയായ  എഐഎഡിഎംകെയിലെ ചില മന്ത്രിമാർ   രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ മുരുഗദോസ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള വിധി വന്നിരിക്കുന്നത്.

മുരുഗദോസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി അംഗീകരിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ചിത്രത്തിൽ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്ന തരത്തിലുള്ള സീനുകൾ ഉണ്ടെന്നും എഐഎഡിഎംകെ ആരോപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പല സേവന പദ്ധതികളേയും സിനിമയിൽ വിമര്‍ശിക്കുന്നുണ്ടെന്നും അതു ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തതെന്നും പ്രകോപനങ്ങള്‍ക്കു കാരണങ്ങളായ സീനുകള്‍ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവുമെന്ന് കരുതുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. നവംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്തത്. 

സംവിധായകന്‍ എ.ആര്‍ മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരുന്നു. 'ബ്രേക്കിംഗ് ന്യൂസ്' എന്ന മുഖവുരയോടെയുള്ള ഈ ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിരുന്നു. കൂടാതെ,  തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയുടെ അധ്യക്ഷനായ വിശാലും സൂപ്പര്‍താരം രജനികാന്തും ചിത്രത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Content Highlights: do not arrest A R Murugadoss till november 27, TN Highcourt