
-
'ജിബൂട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം വെള്ളിയാഴ്ച (ജൂണ്‍ 5)വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. നടന് ദിലീഷ് പോത്തനടക്കം 71 പേര് സംഘത്തിലുണ്ടാകും. നിര്‍മ്മാതാവ് ജോബി പി സാം ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് സംഘം എത്തുക.
ഏപ്രില്‍ 18നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും ലോക്ക് ഡൗണ്‍ മൂലം യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിര്‍മാതാവും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്.
പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ജിബൂട്ടിയില്‍ തന്നെയാണ് നടന്നത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന് എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് 'ജിബൂട്ടി'.
അമിത് ചക്കാലക്കല്‍ ആണ് നായകനാകുന്നത്. നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള് ആണ്. ദിലീഷ് പോത്തന്, ഗ്രിഗറി, ആതിര, രോഹിത് മഗ്ഗു,
ബാലതാരം ഒന്നര വയസുള്ള ജോര്‍ജും കുടുംബവും, ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘവും ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘവും ഈ 71 പേരുടെ കൂടെയുണ്ട്.
ജോബി പി സാമും ശകുന്‍ ജസ്വാളും രോഹിതും മുംബൈയില്‍ ആണ് വിമാനമിറങ്ങുന്നത്. മറ്റുള്ളവരെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയാന്‍ തയ്യാറായാണ് എത്തുക. ചെന്നൈ സംഘങ്ങള്‍ കേരളത്തിലും ചെന്നൈയിലുമായി രണ്ടു വട്ടം ക്വറന്റീനില്‍ കഴിയേണ്ടി വരും.
ജിബൂട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ് തീര്‍ന്ന സംഘങ്ങള്‍ ജിബൂട്ടിയിലെത്തിയ ശേഷം പ്രത്യേകമായി ഒരുക്കിയ സ്ഥലത്തായിരുന്നു താമസം.
ജിബൂട്ടിയുടെ കഥ സംവിധായകന്റേതു തന്നെയാണ്. ഉപ്പും മുളകും സീരിയലിലെ തിരക്കഥാകൃത്ത് അഫ്സല് കരുനാഗപ്പള്ളി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു.
Content Highlights : Djibouti movie team dileesh pothan and 71 other crew members reach kerala today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..