ലോക്ഡൗണില്‍ നൊസ്റ്റാള്‍ജിയ നിറഞ്ഞ ഓര്‍മ്മകളുമായി നടി ദിവ്യ ഉണ്ണി. 1985ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന ഒരു പരസ്യമാണ് ദിവ്യ ഉണ്ണി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിനു വേണ്ടി ചെയ്ത പരസ്യമായിരുന്നു ഇതെന്നും ഇതു തന്റെ ആദ്യ മോഡലിങ് അനുഭവമായിരുന്നുവെന്നും ദിവ്യ ഉണ്ണി പറയുന്നു.

ഒരു അമ്മയും സ്‌കൂള്‍ യൂണിഫോമിലിരിക്കുന്ന ഒരു പെണ്‍കുട്ടിയും തമ്മിലെ സംഭാഷണത്തോടെയുള്ള പരസ്യം ഇങ്ങനെ. അനുമോള്‍ അമ്മയോട് ചോദിക്കുന്നു. 'ജനുവരി 26 റിപ്പബ്ലിക് ദിനം.. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം.. നവംബര്‍ 14 ശിശുദിനം.. അപ്പോള്‍ ഈ ഏപ്രില്‍ പതിനെട്ടോ അമ്മേ?' അപ്പോള്‍ ആ അമ്മയുടെ ഉത്തരം ഇങ്ങനെ. 'അമ്പടി കള്ളീ.. അത് ബാലചന്ദ്രമേനോന്റെ പുതിയ സിനിമയുടെ പേരല്ലേ...'

സ്‌കൂള്‍ യൂണിഫോമിലിരിക്കുന്ന ആ പെണ്‍കുട്ടി ദിവ്യ ഉണ്ണിയാണ്. ശോഭനയുടെ ആദ്യ ചിത്രം ഏപ്രില്‍ 18ന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു ഈ പരസ്യം. ശോഭനയുടെ നൃത്തത്തിന്റെയും സിനിമകളുടെയും കടുത്ത ആരാധികയാണ് താനെന്നും ഈ പരസ്യവും തന്റെ പ്രിയപ്പെട്ടതാണെന്നും ദിവ്യ ഉണ്ണി പറയുന്നു.

ബാലചന്ദ്രമേനോന്‍, ശോഭന എന്നിവര്‍ക്കൊപ്പം അടൂര്‍ ഭാസി, ഭരത് ഗോപി, ഉണ്ണി മേരി, വേണു നാഗവള്ളി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. അഗസ്റ്റിന്‍ പ്രകാശ് ആയിരുന്നു നിര്‍മ്മാണം.

divya unni

Content Highlights : divya unni shares her first modelling advertisement, mathrubhumi april 18 movie news paper ad, balachandra menon, instagram