മീ ടൂ ആരോപണത്തില്‍ നടന്‍ അലന്‍സിയര്‍ മാപ്പ് പറഞ്ഞതില്‍ പ്രതികരണവുമായി നടി ദിവ്യാ ഗോപിനാഥ്. പോരാട്ടത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ ദിവ്യ കേസ് അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി.

ജസ്റ്റിസ് ഹേമാ കമ്മീഷനും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്കും കുടുംബത്തിനും മാധ്യമങ്ങളോടും ദിവ്യ നന്ദി പറഞ്ഞു.

അലന്‍സിയര്‍ സത്യസന്ധമായാണ് മാപ്പ് പറഞ്ഞതെങ്കില്‍ ചെയ്ത ദ്രോഹം അദ്ദേഹം മനസ്സിലാക്കുന്നുവെന്ന് കരുതുന്നതായും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. സംഭവം വിവാദമായതോടെ ആഷിക് അബു അടക്കമുള്ള ഏതാനും സിനിമാ പ്രവര്‍ത്തകര്‍ അലന്‍സിയര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് പറഞ്ഞു.

ചെയ്ത തെറ്റിന് അലന്‍സിയര്‍ പരസ്യമായി മാപ്പ് ചോദിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദിവ്യ വ്യക്തമാക്കി.

സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് അലന്‍സിയര്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ മാപ്പ് ചോദിച്ചത്. 

'എന്റെ പ്രവൃത്തികള്‍ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി മാപ്പു പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ്  അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക.'-അലന്‍സിയര്‍ പറഞ്ഞു.

Conetnt Highlights: Divya gopinath on alencier ley lopez apology on me too abhasam movie wcc controversy