മുംബൈ: അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ്‌ നടി ദിവ്യാ ഭാരതിയുടെ അമ്മ മീത ഭാരതി അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിലായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 20 നാണ് മീത മരിച്ചത്. മരണം സംഭവിച്ച് എഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊതുസമൂഹം ഈ ദു:ഖവാര്‍ത്ത അറിയുന്നത്. ബന്ധുവായ കൈനാത് അറോറയാണ് മീതയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

1993 ലാണ് ദിവ്യ അന്തരിക്കുന്നത്. മുംബൈയിലെ ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിക്കുമ്പോള്‍ 19 വയസ്സ് മാത്രമായിരുന്നു ദിവ്യയുടെ പ്രായം. ഇന്നും ദിവ്യയുടെ മരണകാരണം ദുരൂഹമാണ്. മകളുടെ മരണം നല്‍കിയ ആഘാതം താങ്ങാനാവാതെ മീത ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു. ഇന്‍ഷൂറന്‍സ് ഓഫീസറായിരുന്ന ഓം പ്രകാശ് ഭാരതിയാണ് ഭര്‍ത്താവ്.

1990കളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിറഞ്ഞു നിന്ന നടിയാണ് ദിവ്യ. 16 വയസ്സിലായിരുന്നു ദിവ്യയുടെ സിനിമാ അരങ്ങേറ്റം. തമിഴില്‍ 'നിലാ പെണ്ണേ' എന്ന ചിത്രത്തിലാണ് ദിവ്യ ആദ്യമായി അഭിനയിക്കുന്നത്. ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും ദിവ്യ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വ്യത്യസ്ത ഭാഷകളിലായി നിരവധി അവസരങ്ങള്‍ ദിവ്യയെ തേടിയെത്തി. 

'വിശ്വാത്മ' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ദിവ്യ ബോളിവുഡില്‍ തുടക്കം കുറിച്ചത്. പിന്നീട് രണ്ട് വര്‍ഷത്തിനിടെ 14 ഓളം ഹിന്ദി ചിത്രങ്ങളില്‍ ദിവ്യ അഭിനയിച്ചു. ഒരു പുതുമുഖ നടി എന്ന നിലയില്‍ ഇത്രയധികം ചിത്രങ്ങളില്‍ അഭിനയിച്ചത് അക്കാലത്തെ ഒരു റെക്കോഡ് ആയിരുന്നു. 

1992 ല്‍ ബോളിവുഡ് നിർമാതാവും സംവിധായകനുമായ സാജിദ് നദിയാവാലയെ ദിവ്യ സ്വകാര്യമായി വിവാഹം ചെയ്തു. കുടുംബത്തു നിന്നുള്ള എതിര്‍പ്പുകള്‍ ഒഴിവാക്കാനും തന്റെ ചലച്ചിത്ര ജീവിതത്തെ ബാധിക്കാതിരിക്കാനും ദിവ്യ വിവാഹം രഹസ്യമാക്കി വച്ചു. ദിവ്യയുടെ മരണത്തിന് നിരവധി വ്യാഖ്യാനങ്ങളാണ് പുറത്ത് വന്നത്. സാജിദുമായി ശത്രുതയുള്ള ഏതോ അധോലോക സംഘം ദിവ്യയെ വകവരുത്തിയതാണെന്നും അതല്ല നടി ആത്മഹത്യ ചെയ്തതാണെന്നും അന്ന് അഭ്യൂഹങ്ങള്‍ പരന്നു. കുറച്ചുകാലം ദിവ്യയുടെ മരണകാരണം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും പിന്നീട് ആ കേസ് അവസാനിപ്പിക്കുകയായിരുന്നു. 

നടി ശ്രീദേവിയുടെ പുതു തലമുറയിലെ മുഖമായിട്ടാണ് പലരും ദിവ്യയെ കണക്കാക്കിയിരുന്നത്. മുഖ ഭാവം കൊണ്ടും അഭിനയ ശൈലികൊണ്ടും ശ്രീദേവിയുമായി ചെറിയ സാമ്യമുള്ളതും ഇതിന് കാരണമായിരുന്നു. 

Content Highlights: Divya Bharti's mother Meeta Bharti passed away Divya Bharti death