ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ബാഗി 2 ന്റെയും സല്മാന് ചിത്രം ഭാരതിന്റെയും വിജയത്തോടെ ബോളിവുഡിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ദിഷ പട്ടാണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വര്‍ക്കൗട്ട് വീഡിയോകളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്..വെറും ജിമ്മില്‍ ഒതുങ്ങുന്നതല്ല ദിഷയുടെ ഫിറ്റ്നസ്. ജിംനാസ്റ്റിക്സിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഏറെ അപകടസാധ്യതയുള്ള അഭ്യാസപ്രകടനമാണ് ജിംനാസ്റ്റിക്ക്സ്. പരിശീലനത്തിനിടയില്‍ ഏറെ ഗുരുതരമായ അപകടം ദിഷയ്ക്കും സംഭവിച്ചിട്ടുണ്ട്. ആറ് മാസക്കാലമുള്ള തന്റെ ഓര്മ ഇല്ലാതാക്കിയ ആ അപകടത്തെക്കുറിച്ച് ദിഷ ഇപ്പോള്‍ തുറന്ന് പറഞിരിക്കുകയാണ്. മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
പരിശീലനത്തിനിടയില്‍ കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ചാണ് ആറ് മാസത്തോളം താരത്തിന്റെ ഓര്മ നഷ്ടമായത്
'മൂന്ന് വര്‍ഷം മുന്‍പാണ് ഞാന്‍ ജിംനാസ്റ്റിക്സ് ചെയ്ത് തുടങ്ങുന്നത്. എത്രയും ചെറുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്നുവോ അത്രയും നല്ലതാണ്. കാരണം ഇരുപത് വയസിനു ശേഷം നമ്മുടെ ശരീരപ്രകൃതി തന്നെ മാറിപ്പോകും. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ ജിംനാസ്റ്റിക്സും മാര്‍ഷ്യല്‍ ആര്‍ട്സും പ്രാക്ടീസ് ചെയ്യാറുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്സ് താരതമ്യേനെ എളുപ്പമാണ്. പക്ഷെ ജിംനാസ്റ്റിക്സിന് സ്ഥിരതയും ധൈര്യവും ആവശ്യമാണ്. ഇന്ന് ഞാന്‍ എത്തി നില്‍ക്കുന്നിടത്തേക്ക് എത്തിപ്പെടാന്‍ എനിക്കേറെ സമയം എടുക്കേണ്ടി വന്നിട്ടുണ്ട്'. ദിഷ പറയുന്നു.
അപകടത്തെക്കുറിച്ച് ദിഷയുടെ വാക്കുകള്‍ ഇങ്ങനെ.. 'എനിക്കെന്റെ ജീവിതത്തിലെ ആറ് മാസങ്ങളാണ് നഷ്ടമായത് കാരണം ഞാനൊന്നും ഓര്‍ക്കുന്നില്ല എന്നത് തന്നെ...'
സല്മാന് ചിത്രം ഭാരതിലും താരം തന്റെ ജിംനാസ്റ്റിക് പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. തെരുവ് പ്രകടനം നടത്തുന്ന കലാകാരിയായാണ് ദിഷ ചിത്രത്തില്‍ വേഷമിട്ടത്. ഭാരതിന്റെ ഷൂട്ടിങ്ങിനിടയിലും ദിഷയ്ക്ക് പരിക്കേറ്റിരുന്നു. അതിനെക്കുറിച്ച് ഡി.എന്‍.എക്ക് നല്കിയ അഭിമുഖത്തില്‍ ദിഷ പറഞ്ഞത് ഇങ്ങനെയാണ്. ചിത്രീകരണത്തിനിടയില്‍ എന്റെ മുട്ടിന് പരിക്കേറ്റു. എന്നിട്ടും എനിക്ക് ഡാന്‍സും തലകുത്തി മറിയലും എല്ലാം ചെയ്യേണ്ടി വന്നിരുന്നു. സത്യത്തില്‍ ഇപ്പോഴും എന്റെ മുട്ടിന്റെ പരിക്ക് ഭേദമായിട്ടില്ല.
ആദിത്യ റോയ് കപൂറിനൊപ്പം മലംഗ് എന്ന ചിത്രത്തിലാണ് ദിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങള്‍ താരത്തിനുണ്ട്.
Content Highlights : Disha Patani On Head Injury says she lost her memory for six months