ബോളിവുഡ് നടി ദിഷ പഠാണിയുടെ പിറന്നാള്‍ ദിനമാണിത്. ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് സിനിമയുടെ പടവുകള്‍ ചവിട്ടിക്കയറി കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമായ ദിഷയുടെ ജീവിതം സിനിമാമോഹികള്‍ക്ക് പ്രചോദനമേകുന്നതാണ്. ഇതേക്കുറിച്ച് ദിഷ പറയുന്നതിങ്ങനെ

സിനിമ കാണാന്‍ തുടങ്ങിയ പ്രായം മുതല്‍ അഭിനയിക്കാന്‍ കൊതിച്ചു. പക്ഷേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം അത്ര എളുപ്പമായിരുന്നില്ല. ഞാന്‍ സിനിമാ കുടുംബത്തില്‍ അല്ല ജനിച്ചത്. എനിക്ക് ആര് അവസരം തരും എന്നൊന്നും അറിയില്ല. വെറും 500 രൂപയുടെ ഒരു നോട്ടുമായാണ് മുംബൈയില്‍ എത്തിയത്. എന്റെ കയ്യില്‍ പണമില്ലായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങളുടെ ഓഡീഷന് പോയി. പക്ഷേ തിരഞ്ഞെടുക്കപ്പെട്ടില്ല. സിനിമയല്ലാതെ മറ്റു ജോലികള്‍ നോക്കേണ്ടി വന്നു. പക്ഷേ അതൊന്നും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ജോലി ചെയ്ത് എന്റെ വാടക മുറിയിലെത്തുമ്പോള്‍ വലിയ നിരാശയായിരുന്നു. ഞാന്‍ എന്താണ് എന്റെ ജീവിതത്തില്‍ ചെയ്യുന്നത് എന്നോര്‍ത്ത് ഒരുപാട് ദുഖിതയായി. പക്ഷേ പ്രതീക്ഷ ഞാന്‍ കൈവിട്ടില്ല. മനക്കരുത്താണ് എന്നെ ഇവിടെ എത്തിച്ചത്'- ദിഷ പറയുന്നു.

തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ സിനിമയിലെത്തിയത്. വരുണ്‍ തേജായിരുന്നു നായകന്‍. 200 കോടി രൂപ മുടക്കി ഒരുക്കിയ ചിത്രം വന്‍ പരാജയമായിരുന്നു. അതിനിടെ ഒരുപാട് സിനിമകളില്‍ കരാര്‍ ചെയ്തിരുന്നുവെങ്കിലും അവയെല്ലാം മുടങ്ങിപ്പോയി.

2016 ല്‍ പുറത്തിറങ്ങിയ എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമാണ് ദിഷയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രിയങ്ക ഝാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിഷയായിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ചൈനീസ് ചിത്രം കുങ്ഫു യോഗയില്‍ ജാക്കി ചാനോടൊപ്പം ദിഷ വേഷമിട്ടിട്ടുണ്ട്. ഭാഗി 2, ഭാരത്, മലംഗ്, ഭാഗി 3, രാധേ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

അഭിനയം എനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞവരുണ്ട്. കളിയാക്കിയവരുണ്ട്. ആരോടും ദേഷ്യമില്ല. പക്ഷേ ആ വാശിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്- ദിഷ കൂട്ടിച്ചേര്‍ത്തു.

Content Highlights: Disha Patani Birthday, inspiring story of an actress, Movies