സംവിധായകന്‍ വിനയന്റെ  വിലക്ക് നീക്കിയ നടപടി എന്‍.സി.എല്‍.എ. ടി ശരിവച്ചു. വിലക്ക് നീക്കി കൊണ്ട് 2017 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കിയിരുന്നു. ഇത് നാഷ്ണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അമ്മ, ഫെഫ്ക തുടങ്ങിയവര്‍ക്ക് ചുമത്തിയ പിഴ അടക്കേണ്ടി വരും. വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്ത് അമ്മയും ഫെഫ്കയും അയച്ച അപ്പീല്‍ തള്ളി. ഇതോടെ സംഘടനകള്‍ വിനയന്റെ കേസില്‍ തിരിച്ചടി നേരിട്ടിരിക്കുയാണ്. സത്യം എന്നും വിജയിക്കുമെന്നും പ്രതിസന്ധിയില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എന്‍െ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്റെ സന്തോഷം എന്റെ സുഹൃത്തുക്കളോടൊപ്പം പന്‍കുവയ്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് 'കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ' മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്കും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈന്‍ ചുമത്തിക്കൊണ്ട്.. അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിന്റെയും പേരില്‍ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാന്‍ നടത്തിയ ഹീനമായ ശ്രമങ്ങള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ..?

ഞാന്‍ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കില്‍... വിനയനെ ഒതുക്കി. അതിന്റെ മുഴുവന്‍ നേട്ടവും വ്യക്തിപരമായി നേടി എടുത്ത ഒരു സിനിമാ നേതാവിന്റെ നേതൃത്വത്തില്‍ അന്നത്തെ സി.സി.ഐ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അപ്പലേറ്റ് ട്രിബൂണല്‍ തള്ളിക്കൊണ്ട് (നാല് അപ്പീലുകള്‍ ഒരുപോലെ തള്ളുകയാണുണ്ടായത്) ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡറിലെ അവസാന പേജിന്റെ കോപ്പിയാണ് ഇതിനോടൊപ്പം പോസ്‌ററ് ചെയ്തിരിക്കുന്നത്..

ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലന്‍മാരെ വച്ചാണ് നമ്മുടെ സുഹൃത്തുക്കള്‍ എനിക്കെതിരെ വാദിച്ചത്.. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാര്‍ക്ക് അതൊക്കെ നിസ്സാരമാണല്ലോ? ഇപ്പോ മുതലാളിയും തീയറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക നുണകള്‍ പറഞ്ഞും പ്രചരിപ്പിച്ചും കുതികാലു വെട്ടിയും, അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണു സുഹൃത്തേ... കൂറേ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നാലും സത്യം എന്നെകിലും ജയിക്കും..

ഇനി ജയിച്ചില്ലെങ്കിലും സത്യത്തിനു വേണ്ടി പോരാടുന്നതിന്‍ൊ സുഖം ഒന്നുവേറെയാണ്, ഇതൊക്കെ എന്നെന്‍കിലും നിങ്ങള്‍ക്കു മനസ്സിലാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഈ വിലക്കുകളിലും പ്രതിസന്ധിയിലും ഒക്കെ കൂടെ നിന്ന മലയാളി പ്രേക്ഷകര്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും കൂടാതെ അഡ്വക്കേറ്റ് ഹര്‍ഷദ് ഹമീദിനും അഡ്വക്കേറ്റ് ദിലീപിനും ആയിരം നന്ദി വാക്കുകള്‍ പ്രകാശിപ്പിക്കട്ടെ..