വി.സി അഭിലാഷ് ഇന്ദ്രൻസിനൊപ്പം| Photo:facebook.com/vcabhilash.abhi
നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രം ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി അഭിലാഷ്.
ഇന്ദ്രന്‍സിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവാര്‍ഡ് തിരിച്ചു കൊടുത്തു പ്രതിഷേധിച്ചേനെ എന്നും ഇന്ദ്രന്‍സ് സംസ്ഥാന അവാര്‍ഡല്ല ദേശീയ അവാര്‍ഡോ ഓസ്‌കറോ നേടിയാല്‍ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറാന്‍ പോകുന്നില്ല എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി. സി. അഭിലാഷ് അഭിപ്രായപ്പെട്ടു.
വി.സി. അഭിലാഷിന്റെ കുറിപ്പ്
ഇന്ദ്രന്‍സേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ആ സംസ്ഥാന അവാര്‍ഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ.
ഇന്ദ്രന്‍സ് സംസ്ഥാന അവാര്‍ഡല്ല,
ദേശീയ അവാര്‍ഡോ ഓസ്‌കാറോ നേടിയാല്‍ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറാന്‍ പോകുന്നുമില്ല.
2018 ലെ iffk യില്‍ നിന്ന് ആളൊരുക്കം
ഒഴിവാക്കിയ കാലം. ചലച്ചിത്ര അക്കാദമിയിലെ ഒരു ആസ്ഥാന പണ്ഡിതനോട് ഞാന്‍ പരിഭവം പറഞ്ഞപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു.
'ഞങ്ങള് ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് കൊടുത്തില്ലേ?'
പിന്നീട് ഇതേ വാചകം അന്നത്തെ സംസ്‌കാരിക വകുപ്പ് മന്ത്രിയും
ഒരു പ്രസ്സ് മീറ്റില്‍ ആവര്‍ത്തിക്കുന്നുണ്ട്.
എന്ത് കാരണത്താലാണോ ഈ ചോദ്യ
ത്തിലെ തെറ്റ് ആ രണ്ടു പേര്‍ക്കും മനസ്സിലാവാത്തത് അതേ കാരണം തന്നെയാണ് ഇപ്പോഴത്തെ സംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും അന്ത:സത്ത!
ഇന്ദ്രന്‍സേട്ടന്‍ ഇതിലൊന്നും
ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞാലും മേല്‍പ്പറഞ്ഞ തരം അന്ത:സത്തകള്‍
റദ്ദ് ചെയ്യപ്പെടുന്നില്ലല്ലോ.
ആയതിനാല്‍ സംസ്ഥാന മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, ദയവായി സംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് വി.എന്‍.വാസവനെ ഒഴിവാക്കണം.
ഒപ്പം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ദ്രന്‍സിനോട്
മാപ്പ് പറയുകയും വേണം.
ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന്‍ ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്.
Content Highlights: vn vasavan, indrans, bodyshaming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..