തരുൺ മൂർത്തി, കാക്കിപ്പട സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/tharun.moorthy/photos
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിന് ആശംസകളുമായി സംവിധായകൻ തരുൺ മൂർത്തി. നടൻ വിനോദ് സാഗറിനേയും തരുൺ അഭിനന്ദിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം കാക്കിപ്പട എന്ന ചിത്രത്തിന് വിജയാശംസകൾ നേർന്നത്.
കാക്കിപ്പട എന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയുന്നത് വിനോദ് സാഗറിലൂടെയാണെന്ന് തരുൺ പറഞ്ഞു. സൗദി വെള്ളക്കയിൽ അഭിനയിക്കുന്ന സമയത്താണ് വിനോദ് കാക്കിപ്പടയിലെ വേഷത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. വിനോദിന്റെ സംസാരത്തിൽ നിന്ന് അദ്ദേഹത്തിന് തന്റെ കഥാപാത്രത്തിലും കാക്കിപ്പടയിലും നല്ല ആത്മവിശ്വാസം ഉണ്ടെന്ന് മനസ്സിലായി. വിനോദിന്റെ മറ്റൊരു ശക്തമായ കഥാപാത്രം മലയാളത്തിന് ലഭിക്കട്ടെ. അതുപോലെ കാക്കിപ്പടയും വലിയ വിജയമായി തീരട്ടെയെന്നും തരുൺ മൂർത്തി എഴുതി.
ചെറിയ സിനിമകൾ വിജയം നേടുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. ഇതിനോടകം ചർച്ച വിഷയമായ കാക്കിപ്പട കാണാൻ താനും പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത് ഈയിടെ പുറത്തുവന്ന സൗദി വെള്ളക്കയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനായിരുന്നു.
നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ് എന്നിവരാണ് കാക്കിപ്പടയിൽ പ്രധാനവേഷങ്ങളിൽ. ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാക്ഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. സംഗീതം - ജാസി ഗിഫ്റ്റ്.
Content Highlights: director tharun moorthy about kakkipada movie, tharun moorthy facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..