പഠാനിലെ ഗാനരംഗത്തുനിന്നും, സിദ്ധാർത്ഥ് ആനന്ദ് | ഫോട്ടോ: സ്ക്രീൻഗ്രാബ്, twitter.com/Rishabh59398617
ഒറ്റ ഗാനം കൊണ്ടുതന്നെ റിലീസിന് മുമ്പേ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ്-ദീപികാ പദുക്കോണ്‍ ടീമിന്റെ പഠാന്‍. വിശാല്‍-ശേഖര്‍ ഈണമിട്ട ബേഷരം രംഗ് എന്ന ഗാനത്തിലെ ദീപികയുടെ ബിക്കിനിയുടെ നിറമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഷാരൂഖ്, ദീപിക എന്നിവര്‍ക്കെതിരെ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. ഇതിനെയെല്ലാം അതിജീവിച്ച് ആഗോളതലത്തില്‍ വന്‍വിജയമാണ് ചിത്രം നേടിയത്. ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപികയ്ക്ക് എന്തുകൊണ്ട് കാവി നിറത്തിലുള്ള ബിക്കിനി നല്‍കി എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്.
വേറൊന്നും മനസില്‍ വിചാരിക്കാതെ പെട്ടന്നുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു ആ നിറം എന്ന് അദ്ദേഹം ന്യൂസ് 18 റൈസിങ് ഇന്ത്യ സമ്മിറ്റില്‍ പറഞ്ഞു. നിറത്തിന്റെ ഭംഗി മാത്രമാണ് നോക്കിയത്. നല്ല പച്ചപ്പും തെളിഞ്ഞ ആകാശവുമെല്ലാമാണ് ആ ഗാനരംഗത്തിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം അതിനോട് നന്നായി ഇണങ്ങുമെന്ന് തോന്നി. അതല്ലാതെ ആ നിറം തിരഞ്ഞെടുക്കാന്‍ മറ്റുകാരണങ്ങളില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
തിയേറ്ററിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ബഹിഷ്‌കരണ ക്യാമ്പെയ്‌നുകളെല്ലാം തെറ്റാണെന്ന് തെളിയിച്ചു. എത്രപേരുടെ ജീവിതത്തെയാണ് ഇത്തരം പ്രചാരണങ്ങള്‍ ബാധിക്കുന്നതെന്ന് ബഹിഷ്‌കരണ ക്യാമ്പെയ്‌നുകള്‍ ആഹ്വാനം ചെയ്യുന്നവര്‍ കാണുന്നില്ല. ദിവസവും 300-പേരോളമാണ് ഒരു സിനിമാ സെറ്റില്‍ ജോലി ചെയ്യുന്നത്. വിഎഫ്എക്‌സ് ജോലികള്‍ക്കായി പിന്നെയും ആളുകള്‍ ഉണ്ടാവും. കൂടുതലൊന്നും ചിന്തിക്കാതെ ബോയ്‌കോട്ട് ക്യാമ്പെയ്‌നുകള്‍ തുടങ്ങാന്‍ എളുപ്പമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരം കോടിയിലേറെ രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ചിത്രം കൂടുതല്‍ വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അതേസമയം തന്റെ പുതിയ ചിത്രമായ ഫൈറ്ററിന്റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ദീപികാ പദുക്കോണാണ് പ്രധാനവേഷത്തില്‍. ഹൃത്വിക് റോഷന്‍, അനില്‍ കപൂര്‍ എന്നിവരാണ് താരനിരയിലെ മറ്റുപ്രധാനികള്‍.
Content Highlights: director siddharth anand about besharam rang controvercy, shah rukh khan and deepika padukone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..