തെലുങ്കു നടിയായ ശാരദയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാള ചിത്രത്തിനായിരുന്നെന്നും എന്നാല്‍ മലയാളിയായ കീര്‍ത്തി സുരേഷിന് ഇതേ പുരസ്കാരം ലഭിച്ചത് തെലുങ്കു സിനിമയ്ക്കാണെന്നതും സങ്കടകരമാണെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. പുതിയ ചിത്രം ഓളിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു സംവിധായകന്‍.

'ശാരദ തെലുങ്കില്‍ നിന്നും വന്ന നടിയായിരുന്നു. പക്ഷേ അവര്‍ക്ക് ദേശീയ പുരസ്‌കാരം എവിടെ നിന്നാണ് ലഭിച്ചത്? മലയാളത്തില്‍ നിന്ന്. നല്ല റോളുകളില്‍ അഭിനയിക്കാന്‍ അവര്‍ ഇവിടെ വന്നു. ഏറ്റവുമൊടുവില്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഒരു മലയാളി നടിയ്ക്ക് തെലുങ്കു സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സിനിമയുടെ വളര്‍ച്ച എങ്ങോട്ടു പോയെന്നു കൂടി നോക്കണം. മമ്മൂട്ടിയെ പോലുള്ള നടന്‍മാര്‍ വരെ തമിഴില്‍ അഭിനയിക്കുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ മലയാളികള്‍ക്കു അന്യഭാഷകളിലേയ്ക്ക് പോകേണ്ടി വരുന്ന ഒരു സാഹചര്യം ഇന്നുണ്ട്.' ഷാജി എന്‍ കരുണ്‍ പറയുന്നു.

ശാരദയ്ക്ക് ആദ്യമായി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് 1968ല്‍ പുറത്തിറങ്ങിയ തുലാഭാരം എന്ന മലയാളചിത്രത്തിനായിരുന്നു. 2018ലെ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മഹാനടി എന്ന തെലുങ്കു ചിത്രത്തിന്  കീര്‍ത്തി സുരേഷിനും ലഭിച്ചു. നടിയുടെ ആദ്യ ദേശീയ പുരസ്‌കാരമാണിത്.

'ഓളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കുറച്ച് നിഷ്‌കളങ്കത മനസില്‍ സൂക്ഷിക്കുന്ന നടീനടന്‍മാര്‍ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. മനുഷ്യനില്‍ നിന്നും ഇന്ന് നഷ്ടപ്പെട്ടു പോകുന്ന ഒരു ഗുണമാണത്. അന്വേഷണം ഒടുവില്‍ ഷെയ്‌നിലും എസ്തറിലുമെത്തി. കഥാപാത്രങ്ങള്‍ക്കു വേണ്ട പ്രായവും അവര്‍ക്കുണ്ടായിരുന്നു. സിനിമയില്‍ അത് നല്ലപോലെ ഉപയോഗപ്പെടുത്താനും സാധിച്ചു.' ഷാജി എന്‍ കരണ്‍ പറയുന്നു.

Content Highlights : director Shaji N Karun speaks about Olu movie, Shane Nigam, Esther Anil, malayalam cinema