തൃശ്ശൂർ: അന്തരിച്ച സംവിധായകന്‍ സച്ചിയുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയി. ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ പൊതുദര്‍ശനത്തിനു വെയ്ക്കും.  അതു കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്ന സച്ചിയുടെ മൃതദേഹം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിനു വെയ്ക്കും.  അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാപ്രവര്‍ത്തകരെത്തും. അതിനു ശേഷമാണ് തമ്മനത്തെ വീട്ടില്‍ കൊണ്ടു പോകുന്നത്. അവിടെയും പൊതു ദര്‍ശനനത്തിന് വെയ്ക്കും.

13 വര്‍ഷമായി സിനിമാമേഖലയില്‍ സജീവമായിരുന്നു സച്ചി. പൃഥ്വിരാജിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് സച്ചി വിടവാങ്ങിയത്. സച്ചി എഴുതുന്ന ഏതു തിരക്കഥയിലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സച്ചിയെ കാണാന്‍ പൃഥ്വിരാജ്, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ എത്തിയിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സംവിധായകൻ സച്ചി
സച്ചിയുടെ  ഭൗതികശരീരം ഹൈക്കോടതി അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ.  ഫോട്ടോ: വി കെ അജി.

നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോന്‍ കോമ്പോയില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്സില്‍ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു.

മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കള്‍. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിന്‍ഹുഡ്, മെയ്ക്കപ്പ് മാന്‍, സീനിയേഴ്സ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. 2011 ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു.

പിന്നീട് റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായി.

2015-ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാര്‍ക്കലിയിലൂടെ സംവിധാനരംഗത്തേക്ക്. ചിത്രം മികച്ച വിജയമായി. 2020-ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടി. ഈ രണ്ട് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്. കലാമൂല്യത്തോടൊപ്പം കമ്മേഴ്‌സ്യല്‍ ചേരുവകളും ചേര്‍ന്ന ചിത്രങ്ങളുടെ സംവിധായകനായിരുന്നു സച്ചി.

Content Highlights : director sachy's eyes donated deadbody taken to kochi cremation