-
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് മലയാളസിനിമാലോകം. സച്ചി തന്നെ കുഞ്ഞനുജത്തിയായാണ് കണക്കാക്കിയിരുന്നതെന്ന് നടി മിയ ജോര്‍ജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രിയസംവിധായകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു നടി. സച്ചി തിരക്കഥ രചിച്ച ചേട്ടായീസ്, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലും തിരക്കഥയ്ക്കൊപ്പം സംവിധാനവും നിര്‍വഹിച്ച അനാര്‍ക്കലിയിലും മിയ അഭിനയിച്ചിരുന്നു.
മിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ കരിയറിന്റെ ആദ്യം മുതല്‍ അവസാന സിനിമ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നോടൊപ്പമുണ്ടായിരുന്നു. ചേട്ടായീസ്, അനാര്‍ക്കലി, ഷെര്‍ലക് ടോംസ്, അവസാനം പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസന്‍സ്.. ഓരോ ചിത്രവും എന്നെ സ്വാധീനിച്ചിരുന്നു. കരിയറിലും വ്യക്തിപരമായും. സച്ചിയേട്ടന് എന്നുമെന്നെ കുഞ്ഞനുജത്തിയായാണ് കണക്കാക്കിയിരുന്നത്. ഡ്രൈവിങ് ലൈസന്‍സിന്റെ പ്രീമിയറിന് കണ്ടത് ഇപ്പോഴുമോര്‍മ്മയുണ്ട്. സിനിമ പൂര്‍ത്തീകരിച്ചതിന്റെ സന്തോഷവും തൃപ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഫോണില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ക്ലൈമാക്സും അദ്ദേഹം കാണിച്ചു തന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഫോണില്‍ സംസാരിച്ചപ്പോഴും അദ്ദേഹം ഉന്മേഷഭരിതനായിരുന്നു. അദ്ദേഹത്തിന്റെ അവസാനദിവസങ്ങളാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ കാതുകളില്‍ ഇപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആ കിലുക്കാം പെട്ടി വിളി മറക്കാനാവില്ല സച്ചിയേട്ടാ.. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പോരാടിക്കൊണ്ടിരിക്കുകയായിരുന്നു നിങ്ങള്‍. ഞങ്ങല്‍ പ്രാര്‍ഥനയിലുമായിരുന്നു. സിനിമാക്കാരന് മാത്രമായിരുന്നില്ല ഞങ്ങളില്‍ പലര്‍ക്കും. അതിലും വലിയ ആരൊക്കെയോ ആയിരുന്നു. മിസ് യൂ.. ആത്മശാന്തി നേരുന്നുവെന്ന് മിയ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Content Highlights : director sachy death actress miya george facebook post driving license anarkali actress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..