കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്നലെയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി വിളംബരം ചെയ്തത്. പ്രഖ്യാപനം വന്നതോടെ രജനീകാന്തിനെ അനുകൂലിച്ചും പിന്തുണ അറിയിച്ചും നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹത്തിന് വോട്ട് രേഖപെടുത്തില്ല എന്ന നിലപാടുമായി വന്നിരിക്കുകയാണ് സംവിധായകന്‍ എസ് ആര്‍ പ്രഭാകരന്‍.സുന്ദരപാണ്ടിയന്‍, ഇത് കതിര്‍വേലന്‍ കാതല്‍, സത്രിയന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് എസ്.ആര്‍ പ്രഭാകരന്‍.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രഭാകരന്‍ തന്റെ നിലപാട് അറിയിച്ചത്. താന്‍ രജനികാന്തിന്റെ കടുത്ത ആരാധകനാണെന്നും എന്നാല്‍ ഒരു തമിഴനായ താന്‍ ഒരിക്കലും രജനിക്ക് വോട്ട് ചെയ്യില്ലെന്നും തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴന്‍ മാത്രമാണെന്നും ഉള്ള നിലപാടുമായാണ് പ്രഭാകരന്‍ രംഗത്ത് വന്നത്.

എസ്.ആര്‍ പ്രഭാകരന്റെ ട്വീറ്റ് :

രജനികാന്ത് സാറിനോടുള്ള എല്ലാ സ്‌നേഹത്തോടെയും പറയട്ടെ.. ഞാന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്. അത് ഞാന്‍ എന്റെ ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിയിട്ടുള്ളതുമാണ്. പക്ഷെ, ഈ രാജ്യത്തെ വോട്ടവകാശമുള്ള പൗരനെന്ന നിലയ്ക്ക്, ഒരു തമിഴനെന്ന നിലയ്ക്ക് എനിക്കങ്ങയ്ക്ക് വോട്ട് ചെയ്യാനാകില്ല. നമുക്കൊരു മാറ്റത്തെക്കുറിച്ച് ചിന്തിക്കാം. തമിഴ്‌നാട് ഭരിക്കേണ്ടത് ഒരു തമിഴന്‍ മാത്രമാണ്. തമിഴ് സിനിമ മേഖലയ്ക്ക് അങ്ങ് എന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്- എസ്.ആര്‍ പ്രഭാകരന്‍ കുറിച്ചു.

Content Highlights : director s r prabhakar on rajanikanth's political entry Tamilnadu should be ruled only by a Tamilian, rajinikanth political entry