രതീഷ് പൊതുവാൾ, എം. രഞ്ജിത് | ഫോട്ടോ: ലതീഷ് പൂവത്തൂർ, ബിജു വർഗീസ് | മാതൃഭൂമി
കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തുന്നു. കണ്ണൂര്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിനുവേണ്ടി കാസര്‍കോട് നിന്ന് സിനിമ പിടിക്കേണ്ട കാര്യമില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ണൂരാണ് താമസമെങ്കിലും താന്‍ സിനിമ തുടങ്ങിയത് കാസര്‍കോടാണെന്ന് രതീഷ് പൊതുവാള്‍ പറഞ്ഞു. കണ്ണൂര്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിനുവേണ്ടി കാസര്‍കോട് നിന്ന് സിനിമ പിടിക്കേണ്ട കാര്യമില്ല. അതും അഞ്ച് കോടി രൂപ മുതല്‍മുടക്കി. കുറച്ച് സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെയൊക്കെ പറയുമോ? ആലോചിച്ച് പറയേണ്ട കാര്യങ്ങളല്ലേ? എന്നും അദ്ദേഹം ചോദിച്ചു.
ഒന്നാമത് പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. സിനിമ ഒരു തൊഴില്‍മേഖലയാണ്. എം. രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് ഉത്തരം പറയേണ്ടവര്‍ മറ്റുജില്ലയിലുള്ളവരാണ്. കാസര്‍കോട് സിനിമ ഷൂട്ട് ചെയ്യാന്‍ വരുന്നത് ഈ ഉദ്ദേശം വെച്ചാണോ എന്ന് ബാക്കിയുള്ളവരും പറയട്ടേ. ചാക്കോച്ചനെ വെച്ച് ഞാന്‍ ചെയ്ത സിനിമ കാസര്‍കോടാണ് ചിത്രീകരിച്ചത്. അങ്ങനെ ചെയ്താല്‍ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ്. അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ലഹരി വസ്തുക്കള്‍ ലഭ്യമാണെന്ന് എം. രഞ്ജിത് പറയുന്നുണ്ട്. രഞ്ജിത്തിന്റെ യൂണിറ്റുകളും കാസര്‍കോട് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുണ്ടായിരിക്കുമല്ലോ എന്നും രതീഷ് പൊതുവാള്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എം. രഞ്ജിത് നടത്തിയ പരാമര്‍ശം വിവാദമായത്. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ വിലക്കിയ സംഭവം കത്തിനില്‍ക്കവേയാണ് രഞ്ജിത്തിന്റെ പ്രസ്താവന മലയാള സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. നേരത്തേ എം. രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുധീഷ് ഗോപിനാഥ് രംഗത്തെത്തിയിരുന്നു.
Content Highlights: director ratheesh balakrishnan poduval against m ranjith, kasargod movie shooting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..