തന്റെ ആദ്യ ചിത്രം പാസഞ്ചർ പുറത്തിറങ്ങി 11 വർഷം പിന്നിടുന്ന വേളയിൽ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ എന്ന് കരുതിയാണ് ചിത്രത്തിന്റെ ആദ്യ ഷോ കാണാനിറങ്ങിയതെന്ന് രഞ്ജിത്ത് കുറിക്കുന്നു.

രഞ്ജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

2009 മെയ് എഴാം തിയ്യതി ഹർത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിൻ്റെ ആദ്യ ഷോ. കാണാൻ വരുന്നില്ലെന്ന് വിനോദ് Vinod Shornur വിളിച്ചപ്പൊ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി. ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ..

പത്മ തിയറ്റിലെത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ട്. സംവിധായകനാണെന്നു പറഞ്ഞപ്പൊ കാർ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടി. ലാലുവേട്ടൻ്റെയും Laljose Mechery രഞ്ജിയേട്ടൻ്റെയും Ranjan Abraham ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെ Sukumar Parerikkal വിളിച്ചു.

വീട്ടുകാരുടെ കൂടെ സെക്കൻ്റ് ഷോ ഒന്നു കൂടി കണ്ടു. പടം കണ്ടവർ പലരും ആവേശത്തോടെ എൻ്റെ നമ്പർ തേടി പിടിച്ചു വിളിച്ചു ഫോണിൻ്റെ ചാർജ് തീർന്നു.അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാൻ പോവുന്നു എന്നു ശ്രീനിയെട്ടൻ ചോദിച്ചപ്പോൾ ഓഫീസുണ്ടെന്ന് ഞാൻ പറഞ്ഞു. ശ്രീനിയേട്ടൻ ഫോണിൽ ഉറക്കെ ചിരിച്ചു.

Ranjith

ദിലീപ്, മംമ്ത, ശ്രീനിവാസൻ, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പാസഞ്ചർ ത്രില്ലർ ​ഗണത്തിൽ പെടുന്ന ചിത്രമായിരുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും രഞ്ജിത്ത് ശങ്കർ തന്നെയായിരുന്നു.

Content highlights : Director Ranjith Shankar About His First Movie Passenger Starring Dileep Mamtha Sreenivasan