രഞ്ജിത് | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
കോഴിക്കോട്: അന്താരാഷ്ട്ര വനിതാചലച്ചിത്രോത്സവവേദിയിൽ യുവസംവിധായിക കുഞ്ഞില മാസിലാമണിയെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. അവർ സംവിധാനം ചെയ്ത ‘അസംഘടിതർ’ എന്ന സിനിമ ചലച്ചിത്രോത്സവത്തിൽ ഉൾപ്പെടുത്താത്തതിനെച്ചൊല്ലിയുള്ള തർക്കം മേളയുടെ രണ്ടാംനാളിലും തുടർന്നു.
ചലച്ചിത്രോത്സവവേദിയിൽ വികൃതി കാണിച്ചതിനാണ് സംവിധായികയെ പോലീസ് കൊണ്ടുപോയതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പറഞ്ഞു.
അക്കാദമിയുടെ ഭാഗമായ ആരും അതിൽ പങ്കാളികളല്ല. ഒരു ആന്തോളജിയിലെ ഒരു സിനിമമാത്രം അടർത്തിയെടുത്ത് കാണിക്കാനാവില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. വ്യക്തിപരമായി തനിക്കയച്ച വാട്സാപ്പ് സന്ദേശത്തിനൊക്കെ പ്രതികരിക്കേണ്ട കാര്യമില്ല. ഈ പെരുമഴക്കാലത്തും രണ്ടു തിയേറ്ററുകളിലും നിറയെ പ്രേക്ഷകരാണ്. ആ വിജയം ഇല്ലാതാക്കാൻ ഇത്തരം ചെറുകിട നാടകങ്ങൾകൊണ്ട് സാധിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.
രഞ്ജിത്തിന്റെ സിനിമയിലെ സ്ത്രീവിരുദ്ധതയുടെയും ദിലീപിനെ ജയിലിൽപ്പോയി കണ്ടതിന്റെയും തുടർച്ചയാണ് തനിക്കെതിരായ അദ്ദേഹത്തിന്റെ നിലപാടെന്ന് കുഞ്ഞില മാസിലാമണി പിന്നീട് പ്രതികരിച്ചു. അദ്ദേഹം കള്ളംപറയുകയാണ്. കുട്ടിക്കളി, കഞ്ചാവ്, വികൃതി തുടങ്ങിയവയെല്ലാം രാഷ്ട്രീയബോധ്യത്തോടെ പ്രതികരിക്കുന്ന സ്ത്രീകൾക്കെതിരായ കാലങ്ങളായി പറയപ്പെടുന്ന പദങ്ങളാണ്. ചലച്ചിത്രോത്സവവേദിയിൽ പ്രതിഷേധിച്ചപ്പോൾ കെ.കെ. രമക്കെതിരായ അധിക്ഷേപത്തിനെതിരേ മുദ്രാവാക്യമുയർത്തിയത് രാഷ്ട്രീയനിലപാടാണ്. രമയ്ക്കെതിരായ അധിക്ഷേപവും തന്റെ സിനിമ തഴഞ്ഞതും സ്ത്രീവിരുദ്ധതയുടെ രണ്ട് ഉദാഹരണങ്ങളാണെന്നും അവർ പറഞ്ഞു.
കുഞ്ഞിലയുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിധു വിൻസെന്റ് അവരുടെ ‘വൈറൽ സിബി’ എന്ന ചിത്രം മേളയിൽനിന്ന് പിൻവലിച്ചിരുന്നു. അതിനുപകരം മേളയുടെ ആദ്യനാൾ പ്രദർശിപ്പിച്ച ‘യുനി’ എന്ന ചിത്രം വീണ്ടും കാണിക്കുകയാണുണ്ടായത്.
രണ്ടാംദിവസത്തെ ഓപ്പൺഫോറത്തിൽ സംവിധായകൻ പ്രതാപ് ജോസഫാണ് കുഞ്ഞിലയ്ക്കെതിരായ പോലീസ് നടപടിയെക്കുറിച്ചുള്ള ചോദ്യമുന്നയിച്ചത്. മേളയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. അത് അക്കാദമിക്ക് കത്തയച്ചു ചോദിച്ചാൽ അവിടെനിന്ന് അറിയിക്കുമെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..