തങ്കലാനിൽ വിക്രം, പാ.രഞ്ജിത് | ഫോട്ടോ: സ്ക്രീൻഗ്രാബ്, മാതൃഭൂമി ആർക്കൈവ്സ്
വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ.രഞ്ജിത് രചിച്ച് സംവിധാനം ചെയ്യുന്ന തങ്കലാൻ. സിനിമയുടേതായി പുറത്തുവന്ന ചിത്രങ്ങളും ആദ്യ വീഡിയോയുമെല്ലാം ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തങ്കലാനിലെ നായക കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്താൻ വിക്രം അധ്വാനിച്ച കഥ പറഞ്ഞിരിക്കുകയാണ് സംവിധായകൻ പാ. രഞ്ജിത്.
തങ്കലാനുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റ് വരുമ്പോഴും നായകനായ വിക്രത്തിന്റെ ലുക്ക് ആയിരുന്നു പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. ഈ പരുക്കൻ രൂപത്തിലേക്കുവരാൻ ഏഴുമാസമാണ് വിക്രം കഠിനാധ്വാനം ചെയ്തതെന്ന് പാ. രഞ്ജിത് പറഞ്ഞു. ചിത്രീകരണം ആരംഭിച്ചപ്പോൾ ഈ ചിത്രത്തിനുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമാണെന്ന് ചിയാൻ പറഞ്ഞിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി.
കർണാടകയിലെ കോലാർ സ്വർണഖനി പശ്ചാത്തലമായി വരുന്ന തമിഴ് ചിത്രമാണ് തങ്കലാൻ. 1900 കാലഘട്ടത്തിൽ കോലാറിലെ ജനങ്ങളുടെ ജീവിതവും അവർ നേരിട്ടിരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ 105 ദിവസത്തെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ് പൂർത്തിയാകാൻ ഇനിയും 20 ദിവസം കൂടിയുണ്ട്. എന്നാൽ ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ വിക്രം വീട്ടിൽ ഒരുമാസത്തെ വിശ്രമത്തിലാണ്. പരിക്ക് ഭേദമായാലുടൻ അദ്ദേഹം തങ്കലാനിൽ വീണ്ടും ജോയിൻ ചെയ്യും.
മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവരാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് അയയ്ക്കാനും അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്.
Content Highlights: director pa ranjith, pa ranjith about vikram's dedication for thangalaan movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..