ഒമർ ലുലു, സൗബിൻ ഷാഹിർ | ഫോട്ടോ: www.facebook.com/omarlulu, വി.പി. പ്രവീൺകുമാർ |മാതൃഭൂമി
നടൻ സൗബിൻ ഷാഹിറിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഒമർ ലുലു. സൗബിനെ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും ഡബ്ബിങ്ങിന് വരില്ലെന്നും ഒമർ ലുലു പറഞ്ഞു. ഒരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൗബിൻ ഡബ്ബിങ്ങിന് വന്നോ എന്നു ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ തനിക്ക് മെസേജ് അയച്ചിരുന്നെന്നും ഒമർ പറഞ്ഞു. വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
നിലവിൽ മലയാള സിനിമയിലെ പുതുമുഖങ്ങളാണ് പ്രശ്‌നമെന്ന് ഒമർ ലുലു പറഞ്ഞു. തന്റെ സിനിമയിൽ സിദ്ദിഖ് ഇക്ക, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉർവ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളോട് പറയും. അതിന് അനുസരിച്ച് നമുക്ക് ഷൂട്ട് ചാർട്ട് ചെയ്യാം. വല്ല ബ്ലോക്കോ മറ്റോ ഉണ്ടായാൽ അര മണിക്കൂർ വൈകിയാലായി. പക്ഷേ കമ്മ്യൂണിക്കേഷൻ കൃത്യമാണെന്നും ഒമർ വ്യക്തമാക്കി.
"എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോൺ ചെയ്താൽ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിൻ ആയിട്ട് ഞാൻ അങ്ങനെയാണ് ആദ്യം പ്രശ്നം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാൽ വരില്ല. പോപ്‌കോൺ എന്ന സിനിമ നടക്കുമ്പോൾ ഷൈൻ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട് സൗബിൻ വന്ന് ഡബ്ബ് ചെയ്‌തോ എന്ന്. ഇത് ഇപ്പോൾ ഷൈൻ സമ്മതിക്കുമോ എന്നറിയില്ല". ഒമർ ലുലു പറഞ്ഞു.
ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെ പല ചലച്ചിത്ര പ്രവർത്തകരും നടന്മാർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായെന്നോണമാണ് ഇപ്പോൾ ഒമർ ലുലുവിന്റെ പരാമർശവും വന്നിരിക്കുന്നത്.
Content Highlights: director omar lulu against actor soubin shahir, happy wedding movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..