സ്വന്തമായുള്ളത് പണയത്തിലുള്ള 5 സെന്റും ഒരു ചായക്കടയും, ഹരി മദ്യപാനിയല്ല -ഹരീഷിനെക്കുറിച്ച് സുഹൃത്ത്


5 min read
Read later
Print
Share

'ഡബ്ബിങ്ങിനായി എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ഒരു വയറുവേദന അനുഭവപ്പെട്ടതോടെ ഹരീഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. കരൾ സംബന്ധമായ അസുഖങ്ങളുടെ യാതൊരു ലക്ഷണവും ആ നിമിഷം വരെയും ഹരിക്കുണ്ടായിരുന്നില്ല'

ഹരീഷ് പേങ്ങൻ | PHOTO: FACEBOOK/MANOJ K VARGHESE

നടൻ ഹരീഷ് പേങ്ങന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും. കരൾ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു നടന്റെ അന്ത്യം.

തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള എല്ലാ ശ്രമങ്ങളും പ്രാർത്ഥനകളും വൃഥാവിലാക്കി 3.14 ന് ഹരീഷ് നമ്മെ വിട്ടുപിരിഞ്ഞുവെന്ന് ഹരീഷ് പേങ്ങന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ മനോജ് കെ. വർഗീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങനെ സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യർഥനയുമായി എത്തിയ സഹപ്രവർത്തകരിൽ ആദ്യത്തെയാളായിരുന്നു മനോജ് കെ. വർഗീസ്.

ഹരീഷിന് കരൾ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നുമാണ് സുഹൃത്തുക്കൾ അറിയിച്ചിരുന്നത്. ഹരീഷിന്റെ രോ​ഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചും സഹായമഭ്യർഥിച്ച് കൊണ്ടും മനോജ് സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. ഹരീഷിനെക്കുറിച്ച് മെയ് 14-ന് മനോജ് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരീഷ് പേങ്ങന് കരൾ രോഗം സ്ഥിരീകരിച്ച് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ അമിത മദ്യപാനം കാരണമാണ് രോ​ഗം വന്നതെന്ന് പലരും പറഞ്ഞുവെന്നും എന്നാൽ ഹരീഷ് മദ്യപാനി ആയിരുന്നില്ലെന്നും മനോജ് പറഞ്ഞിരുന്നു.

മനോജ് കെ. വർഗീസ് പങ്കുവെച്ച് കുറിപ്പ്

അമ്മയെ തല്ലിയാലും രണ്ടുണ്ട് വാദം എന്നാണല്ലോ പറയുന്നത്...!!!
പ്രിയ സുഹൃത്തായ ഹരീഷ് പേങ്ങന്റെ ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ട് ഈ ദിവസങ്ങളിൽ പ്രമുഖ ദൃശ്യ, പത്ര, സാമൂഹ്യ മാധ്യമങ്ങളിലൂടെ അവനെ ഇഷ്ടപ്പെടുന്ന ഞാനടങ്ങുന്ന സുഹൃത്തുക്കളും നാട്ടുകാരും സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുന്നോട്ടു വരികയുണ്ടായി. ആഭ്യർത്ഥനകൾക്ക് തുടക്കംകുറിച്ച് ആദ്യമായി നാലുദിവസം മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വ്യക്തി എന്ന നിലയ്ക്ക് ചിലത് പറയണം എന്ന് ആഗ്രഹിക്കുന്നു. എന്റെ നാട്ടുകാരനും 40 വർഷത്തിലേറെ പരിചയമുള്ള വളരെ അടുത്ത സുഹൃത്തുമാണ് ഹരീഷ് നായർ എം.കെ എന്ന ഹരീഷ് പേങ്ങൻ. മറ്റു പലർക്കും അവൻ ചലചിത്ര നടനായ ഹരീഷ് പേങ്ങനായിരിക്കാം... പക്ഷേ എനിക്ക്, അല്ലെങ്കിൽ ഞങ്ങൾക്ക്, അവൻ ഞങ്ങളുടെ ഹരിയാണ്.

ഞങ്ങൾ ഒന്നിച്ച് ഉച്ചയ്ക്ക് രണ്ടുമണിവരെ എന്റെ വീട്ടിൽ സംസാരിച്ചിരുന്ന ശേഷമാണ് ഡബ്ബിങ്ങിനായി ഹരീഷ് അന്ന് എറണാകുളത്തേക്ക് പോകുന്നതും, പോകുന്ന വഴിയിൽ ഒരു വയറുവേദന അനുഭവപ്പെട്ട് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുന്നതും. കരൾ സംബന്ധമായ അസുഖങ്ങളുടെ യാതൊരു ലക്ഷണവും ആ നിമിഷം വരെയും ഹരിക്കുണ്ടായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പല കമന്റുകളിലും ഞാൻ കണ്ടതുപോലെ, ആധികാരികതയുടെ ഉറപ്പിച്ച് പറയാം - ഹരി ഒരു മദ്യപാനിയല്ല.

ഹരിയുടെ നിലവിലെ അവസ്ഥയറിഞ്ഞ് ഒട്ടനവധി സുഹൃത്തുക്കൾ (പ്രമുഖ ചലചിത്ര താരങ്ങൾ ഉൾപ്പെടെ) സാമൂഹ്യ മാധ്യമങ്ങളുടെ അവനായി സഹായം അഭ്യർത്ഥിച്ചിരുന്നു. ആ പോസ്റ്റുകളിൽ ഏറ്റവും അധികം കമൻറുകളിൽ കണ്ടത്, "അമ്മ" എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നതാണ്. ഓരോ സംഘടനയും പ്രവർത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണല്ലോ. നിലവിൽ ഹരീഷ് "അമ്മ" എന്ന സംഘടനയുടെ അംഗമല്ല. ആ കാരണം കൊണ്ട് തന്നെ "അമ്മ" എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയിൽ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികൾ ഉണ്ട്. ഇത് എന്നോട് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇടവേള ബാബുച്ചേട്ടൻ പറഞ്ഞിട്ടുള്ളതാണ്. അത് മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ സംഘടനയിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ല. വിവരം അറിഞ്ഞമാത്രയിൽ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള നടി നടന്മാരും ടെക്നീഷ്യൻസുമടക്കം കുറെയധികം പേർ സഹായിക്കാൻ തയ്യാറായി വന്നിട്ടുണ്ട് എന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.
ഈ സാഹചര്യത്തിൽ ഒരു കാര്യം ഓർക്കാതെ പോകരുത്. ഒരു സംഘടനയിലും അംഗത്വം ആവശ്യമില്ല, ഞാൻ ഒരു നിഷേധിയായി, ഒറ്റയാനായി മുമ്പോട്ടു പോകും എന്ന മാനസികാവസ്ഥയിലുള്ള ഒരു വ്യക്തിയല്ല ഹരീഷ് എന്ന് ഹരീഷിന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള, ഹരീഷിനെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്നതാണ്. അംഗത്വ ഫീസ് ഒന്നിച്ചടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മെമ്പർഷിപ്പ് എടുക്കാൻ താമസം വന്നു, അഥവാ ഇതുവരെയും സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് പറയുമ്പോൾ തന്നെ ഹരീഷിന്റെ സാമ്പത്തിക ഭദ്രത എത്രമാത്രം ഉണ്ട് എന്ന് ഇതു വായിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹരീഷിനെ പോലെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയിൽ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തമായി 5 സെൻറ് സ്ഥലവും (ആ സ്ഥലവും ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.

ഇത്തരം ഗുരുതരാവസ്ഥയിൽ നിൽക്കുമ്പോൾ, സമയത്തിനാണല്ലോ വില. പെട്ടെന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാവുന്നതാണല്ലോ. സ്ഥലം വിറ്റോ മറ്റോ പണമുണ്ടാക്കി വരുമ്പോൾ ചികിത്സയ്ക്ക് ജീവനോടെ അവൻ ഉണ്ടാവണം എന്നതും ഒരു യാഥാർത്ഥ്യമല്ലേ??? മാത്രവുമല്ല ഹരീഷിന്റെ ആരോഗ്യസ്ഥിതിയുടെ ഗൗരവം വൃദ്ധയായ അവന്റെ അമ്മയോട് അറിയിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവന്റെ അസുഖം പുറത്തേക്ക് ആരെയും അതുവരെയും അധികം അറിയിച്ചിരുന്നില്ല. എന്നാൽ ജീവൻ തിരിച്ച് കിട്ടാൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും അത് താമസിയാതെ ചെയ്യേണ്ടിവരുമെന്നും, അത്തരത്തിലുള്ള സർജറിക്ക് ചെലവാകുന്ന ഭീമമായ തുകയെ കുറിച്ചും അറിഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി പണം സ്വരൂപിച്ച്, അവന്റെ ജീവൻ രക്ഷിക്കാനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട്, അവനെ ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറച്ചുപേർ അഭ്യർത്ഥനയുമായി വന്നത്.
പലരുടെയും സംശയം ഇത്തരത്തിൽ പണം പിരിവ് നടത്തി കോടികൾ ഉണ്ടാക്കും എന്നാണ്. ഉണ്ടാക്കുന്നവരോ, കിട്ടുന്നവരോ ഉണ്ടായിരിക്കാം. എന്നാൽ സത്യമെന്തെന്നാൽ ഹരിയുടെ ചികിത്സയ്ക്കാവശ്യമായ തുക ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണ്. അതുകൊണ്ട്, ഞങ്ങളുടെ ഹരിയെ ഞങ്ങൾക്ക് അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ പറ്റുമോ? വിട്ടുകൊടുക്കില്ല എന്നതാണ് സത്യം.
നാളിതുവരെ കഴിഞ്ഞ നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ അഭ്യർത്ഥനയിലൂടെ ലഭിച്ചിട്ടുണ്ട്. ഇതിൽ പത്ത് രൂപ മുതൽ 50,000 രൂപ വരെ അയച്ചുതന്നവർ ഉണ്ട് എന്നതാണ് സത്യം. സഹായിച്ച എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും ഹരീഷിനും അവന്റെ കുടുംബത്തിനും വേണ്ടി അറിയിക്കട്ടെ.
തുക ഒന്നും അയക്കാതെ, "I have done my bit" എന്നെഴുതി അവനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പല പ്രമുഖരും ഇല്ലാതില്ല. അതൊക്കെ അങ്ങനെ നടക്കട്ടെ... അവനുവേണ്ടി ഒരു അഭ്യർത്ഥന നടത്താനുള്ള മനസ്സെങ്കിലും അവർക്കുണ്ടായല്ലോ... അതിൽ സന്തോഷം.
കുറെ അധികം പേർ സാമ്പത്തികസഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. ഹരിയുടെ സഹോദരിയുടെ പേരിലുള്ള 5സെന്റ് സ്ഥലം പണയപ്പെടുത്തി സൊസൈറ്റിയിൽ നിന്നും ലോണെടുക്കാൻ ശ്രമം തുടരുന്നു. മിക്കവാറും മൂന്നോ നാലോ ദിവസം കൊണ്ട് അങ്ങനെ കുറച്ചു പണം സ്വരൂപിക്കാനാവും. തികയാതെ വരുന്ന പണം തുച്ഛമായ സ്വർണാഭരണങ്ങൾ വിറ്റ് കണ്ടെത്തണം.
ലോൺ എടുക്കുന്ന തുക തിരിച്ചടയ്ക്കണം. സർജറിക്ക് ശേഷം അവന്റെ കുടുംബവും ജീവിക്കണം. ഇത്തരത്തിലുള്ള ഒരു സർജറിക്ക് ശേഷം എത്രനാൾ കഴിഞ്ഞ് അവന് അഭിനയിച്ചു വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.
എന്തായാലും ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചുകൊള്ളാൻ ആശുപത്രി അധികൃതരോട് അറിയിച്ചിട്ടുണ്ട്.
ഒരു അപേക്ഷ മാത്രം... തീർത്തും സദുദ്ദേശപരമായി ഹരിയുടെ ജീവൻ രക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഞാനന്ന് ആദ്യമായി അഭ്യർത്ഥനയുമായി നിങ്ങളുടെ ഓരോരുത്തരുടെയും അടുത്തേക്ക് ഫേസ്ബുക്കിലൂടെ എത്തുന്നത്. ഹരിയുടെ അവസ്ഥ അറിഞ്ഞ് പലരും ഷെയർ ചെയ്യപ്പെട്ടപ്പോൾ, പരസ്പരം ആരെയും ചെളിവാരി തേക്കാനോ അവഹേളിക്കാനോ ഒരു സാഹചര്യം ഹരീഷിന്റെ ഈ അവസ്ഥ കൊണ്ട് ഉണ്ടാക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടു നിൽക്കാൻ നല്ല രസമാണ്. ആ വേദന നമുക്ക് ഉണ്ടാവുമ്പോഴേ നമ്മൾ പഠിക്കൂ.. പണവും, പ്രതാപവും, സോഷ്യൽ സ്റ്റാറ്റസും, രാഷ്ട്രീയവും നോക്കിയല്ല ഇത്തരത്തിൽ അസുഖങ്ങളും ദുരന്തങ്ങളും അപ്രതീക്ഷിതമായി നമ്മളിലേക്ക് എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടാവണം എന്ന് അഭ്യർത്ഥന..
ഒരു കാര്യം ഞാൻ ഉറപ്പു നൽകാം. ഹരിയുടെ ജീവൻ നിലനിർത്തുക, അവനെ തിരിച്ചു കൊണ്ടു വരിക എന്നുള്ളതാണ് ഇപ്പോൾ പ്രഥമ ലക്ഷ്യം. ശേഷം, ഉറപ്പായും ചികിത്സാസഹായമായി ലഭിച്ച തുക, അത് ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാക്കും എന്ന് ഞാൻ ഉറപ്പു നൽകാം. എത്ര തുക ലഭിച്ചു, ആരൊക്കെ നൽകി, എത്ര തുക ചികിത്സയ്ക്കായി ചെലവായി തുടങ്ങിയ വിവരങ്ങൾ കൃത്യമായി പൊതുജന സമക്ഷം പബ്ലിഷ് ചെയ്യുന്നതായിരിക്കും.
ഒരു ജീവന്റെ വില.. സമയത്തിന്റെ വില... അത് വിസ്മരിക്കരുത്..
ഹരീഷിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷ...
സ്നേഹത്തോടെ
മനോജ്.

(മെയ് 14-ന് ഹരീഷ് പേങ്ങന് സഹായം അഭ്യർഥിച്ചുകൊണ്ട് മനോജ് പങ്കുവെച്ച കുറിപ്പ്)

Content Highlights: Director manoj k varghese about harish pengan and financial status

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashok selvan, keerthi pandian

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

Sep 13, 2023


Shah Rukh Khan

1 min

'മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്കൂ'; 'ജവാന്റെ' വരുമാനം കള്ളക്കണക്കാണെന്ന് പറഞ്ഞയാളോട്‌ ഷാരൂഖ്

Sep 28, 2023


KG George director death allegation against family wife salma George reacts funeral held at kochi

2 min

കെ.ജി ജോര്‍ജ്ജിനെ നന്നായാണ് നോക്കിയത്, ഞങ്ങള്‍ സുഖവാസത്തിന് പോയതല്ല- സല്‍മാ ജോര്‍ജ്ജ്

Sep 26, 2023


Most Commented