മണിരത്നം | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി
ചെന്നൈ: സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മണിരത്നത്തിന് കോവിഡ് പിടിപെടുന്നത്.
സുഖമില്ലാതായതിനേ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംവിധായകന് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ തുടരുന്ന അദ്ദേഹം ആരോഗ്യവാനാണെന്നും മറ്റ് രോഗലക്ഷണങ്ങളില്ലെന്നുമാണ് റിപ്പോർട്ട്. ജൂലൈ എട്ടിന് നടന്ന പൊന്നിയിൻ സെൽവൻ ടീസർ ലോഞ്ചിൽ മണിരത്നം പങ്കെടുത്തിരുന്നു.
സെപ്റ്റംബർ 30-നാണ് പൊന്നിയിൻ സെൽവൻ തിയേറ്ററുകളിലെത്തുക. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ഇതേപേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
വിക്രം, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതമൊരുക്കുന്നത്.
ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവർമനാണ് ഛായാഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രം സെപ്തംബർ 30 ന് റിലീസ് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..