മുതിര്‍ന്ന സംവിധായകര്‍ക്കും ഡേറ്റ് നല്‍കണമെന്ന് പുതിയ തലമുറയില്‍പ്പെട്ട പല അഭിനേതാക്കളോട് താന്‍ പറയാറുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ജമേഷ് കോട്ടയ്ക്കല്‍ അവതരിപ്പിക്കുന്ന ജമേഷ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മുതിര്‍ന്ന സംവിധായകരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അനുഭവങ്ങളാണ് ഏറ്റവും നല്ല പാഠപുസ്തകം. അതുകൊണ്ട് തന്നെ പുതിയ തലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ക്ക്  അവരില്‍ നിന്ന്‌  ഒരുപാട് ടിപ്പ്‌സുകള്‍ കിട്ടും. അതൊക്കെ അഭിനയ ജീവിതത്തിന് മുതല്‍ക്കൂട്ടാണ്.'

സിനിമയിലെ സാങ്കേതിക വിദ്യ ഒരുപാട് മുന്നോട്ടു പോയപ്പോള്‍ അഭിനയത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ തന്നെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

'ഞാന്‍ അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന കാലത്ത് ഫിലിമിട്ടാണ് ഷൂട്ടിങ്. ക്യാമറ സ്റ്റാര്‍ട്ട് ചെയ്യുന്നത് മുതല്‍ ഫിലിം ഓടികൊണ്ടിരിക്കുകയാണ്. ടീ ടേക്ക് എടുത്താല്‍ ഫിലിം പാഴായിപ്പോകും. അതുകൊണ്ട് തന്നെ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഫിലിം പാഴാക്കി കളഞ്ഞാല്‍ നഷ്ടം നിര്‍മാതാവിനാണ്. ഇന്ന് ആ ചിലവ് കുറഞ്ഞു. മള്‍ട്ടി ക്യാം വച്ചാണ് ചിത്രീകരണം. ഇന്നത്തെ അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം കൂടുതലാണ്. സ്‌പോട്ട് സൗണ്ടും കൂടി വരുമ്പോള്‍ വെറുതെ ബിഹേവ് ചെയ്താല്‍ മതി. പക്ഷേ അതിനെ ഗംഭീരമായ ആക്ടിങ് ആയി തെറ്റിദ്ധരിക്കുന്നത് അപകടമാണ്. കാരണം ഡ്രാമാറ്റിക് ആയി അഭിനയിക്കേണ്ട അവസരത്തില്‍ ഇത്തരം അഭിനേതാക്കള്‍ കഷ്ടപ്പെടുന്നത് കാണാം.

സിനിമയില്‍ ഡ്രാമ പാടില്ലെന്നും അഭിനേതാക്കള്‍ ഡ്രാമാറ്റിക് ആകരുതെന്നും പൊതുവെ ചെറുപ്പക്കാര്‍ പറയുന്നുണ്ട്. പക്ഷേ അതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. റിയലിസ്റ്റിക് സിനിമ എന്ന് നമ്മള്‍ പറയുന്നതിലും ഡ്രാമയുണ്ട്. അത് നമ്മള്‍ അറിയുന്നില്ല എന്ന് മാത്രം. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പണ്ടുള്ളവര്‍ ചെയ്യുന്ന പോലെയല്ല പുതിയ തലമുറ അഭിനയിക്കുന്നത്.  ഉദാഹരണത്തിന് തൊണ്ടിമുതലില്‍ ഫഹദിന്റെ ചെറിയ നോട്ടത്തില്‍ പോലും വലിയ ഡ്രാമയുണ്ട്. അത് റിയലിസ്റ്റിക്കാണ് എന്ന് നമുക്ക് തോന്നുകയും ചെയ്യും. അത് ഒരു അഭിനേതാവിന്റെ വിജയമാണ്. ഫഹദ് മികച്ച നടനാണെന്നതില്‍ സംശയമില്ല. പക്ഷേ ഇതിന്റെ കൂട്ടത്തില്‍ ഡെപ്ത് ഇല്ലാത്ത ചില നടന്‍മാരും നല്ല അഭിനേതാക്കളായി അറിയപ്പെടുന്നുണ്ട്. പലരുടെയും കൂടെ ജോലി ചെയ്യുമ്പോള്‍ അത് എനിക്കും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട.് സാധാരണ ജീവിതത്തിലേത് പോലെ ഡയലോഗ് പറഞ്ഞാല്‍ മതി എന്നാണ് അവര്‍ വിചാരിച്ച് വച്ചിരിക്കുന്നത്. എന്നെപ്പോലുള്ളവര്‍ അഭിനയിക്കുന്നതും ഈ ആനുകൂല്യത്തിലാണ്'- ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Content Highlights: director lal jose interview thattinpurath achyuthan movie kunchako boban fahadh faasil jamesh show