ജിഗർതണ്ടയിൽ സിദ്ധാർത്ഥും ബോബി സിംഹയും | ഫോട്ടോ: സ്ക്രീൻഗ്രാബ്
പിസ എന്ന ആദ്യചിത്രത്തിലൂടെ തമിഴിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. രണ്ടാമത്തെ ചിത്രമായ ജിഗർതണ്ടയിലൂടെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു മാനവും നൽകി അദ്ദേഹം. 2014-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തേക്കുറിച്ച് പുതിയൊരു വിവരം വന്നിരിക്കുകയാണ്.
ജിഗർതണ്ടയ്ക്ക് രണ്ടാം ഭാഗം വരികയാണ്. കാർത്തിക് സുബ്ബരാജ് തന്നെയാണ് ഒരു വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ജിഗർതണ്ട റിലീസ് ചെയ്ത് എട്ടുവർഷം പൂർത്തിയാവുന്ന അവസരത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രതീകാത്മകമായൊരു വീഡിയോയിലൂടെയാണ് രണ്ടാംഭാഗ പ്രഖ്യാപനം സംവിധായകൻ നടത്തിയത്. തിരക്കഥാഘട്ടത്തിലാണ് ചിത്രമെന്നും വീഡിയോയിലുണ്ട്.
കാർത്തിക് സുബ്രഹ്മണി എന്ന യുവ സിനിമാസംവിധായകന് അസാൾട്ട് സേതു എന്ന കൊടുംകുറ്റവാളിയെ ഒരു പ്രത്യേകസാഹചര്യത്തിൽ സിനിമയിലഭിനയിപ്പിക്കേണ്ടിവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധാർത്ഥും ബോബി സിംഹയുമാണ് ഈ വേഷങ്ങൾ യഥാക്രമം ചെയ്തത്. ലക്ഷ്മി മേനോനായിരുന്നു നായിക. ഗുരു സോമസുന്ദരം, കരുണാകരൻ, ആടുകളം നരേൻ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ. അതിഥി വേഷത്തിൽ വിജയ് സേതുപതിയുമുണ്ടായിരുന്നു.
ചിത്രം ഇതേപേരിൽ കന്നഡയിലേക്കും ഗദ്ദാലകൊണ്ട ഗണേഷ് എന്നപേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ജിഗർതണ്ടയിൽ നിന്ന് പ്രചോദനംകൊണ്ട് ബച്ചൻ പാണ്ഡേ എന്ന പേരിൽ അക്ഷയ്കുമാർ ഹിന്ദിയിൽ ഈയടുത്ത് ഒരു ചിത്രം ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..