അന്തരിച്ച കലാസംവിധായകൻ പി.കൃഷ്ണമൂർത്തിയെ അനുസ്മരിച്ച് സംവിധായകൻ ഹരിഹരൻ. ഒരു വടക്കൻ വീരഗാഥ, പരിണയം, ഒളിയമ്പുകൾ തുടങ്ങിയ ഹരിഹരൻ ചിത്രങ്ങളിൽ കലാസംവിധായകനായിരുന്നത് കൃഷ്ണമൂർത്തിയായിരുന്നു. ഒരു വടക്കൻ വീരഗാഥയുടെ കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും കൃഷ്ണമൂർത്തിക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. പഴശ്ശിരാജയിലും കലാസംവിധാനം ചെയ്യാൻ കൃഷ്ണമൂർത്തിയെ സമീപിച്ചിരുന്നുവെങ്കിലും ശാരീരികാസ്വസ്ഥതകൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് ഹരിഹരൻ ഓർക്കുന്നു. കൃഷ്ണമൂർത്തിയുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണെന്നും ഹരിഹരൻ പറഞ്ഞു
"വളരെ കലാബോധമുള്ള, ആത്മാർഥമായി പ്രവൃത്തിക്കുന്ന സിനിമയിലെ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു കൃഷ്ണമൂർത്തി. വടക്കൻ വീരഗാഥ, ഒളിയമ്പുകൾ, പരിണയം തുടങ്ങിയ ചിത്രങ്ങളിൽ കൃഷ്ണമൂർത്തി എനിക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് വേണ്ടിയും കൃഷ്ണമൂർത്തിയെ ഞാൻ വിളിച്ചിരുന്നു. എന്നാൽ അനാരോഗ്യം കാരണം ആ ക്ഷണം അദ്ദേഹം നിരസിച്ചു. അന്നേ അദ്ദേഹത്തിന് ശാരീരികാസ്വസ്ഥതകൾ ഉണ്ടായിരുന്നു. വെറുതെ വന്നിരുന്നാൽ മതി വേറെ ആരെയെങ്കിലും വച്ച് ചെയ്യിച്ചോളാം എന്ന് വരെ പറഞ്ഞു. യാത്ര ചെയ്യാനൊന്നും തീരെ വയ്യായിരുന്നു.
വടക്കൻ വീരഗാഥ, വൈശാലി, തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ കലാമികവ്. എത്രത്തോളം റിയലിസ്റ്റിക് ആക്കി അവതരിപ്പിക്കാമോ അതിനായി ധാരാളം ഗവേഷണം നടത്തുമായിരുന്നു. ചരിത്ര പുരാതന ചിത്രങ്ങൾ ഒക്കെയാണെങ്കിൽ ആ കാലത്ത് എങ്ങനെ ആയിരുന്നു കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, വസ്ത്രധാരണരീതി...എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സ്വന്തം രീതിയിൽ ഗവേഷണം നടത്തും. അഞ്ച് തവണ അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ ആത്മാർഥതയുടെ ഫലമാണ്.
എല്ലാത്തിലുമുപരി വളരെ ലളിതമായി ജീവിക്കുന്ന, എളിമയുള്ള, ഈശ്വര ഭക്തനായ ഒരു വ്യക്തിയാണ് കൃഷ്ണമൂർത്തി. ധനമോഹമല്ല, തന്റെ ജോലി ആത്മാർഥമായും സത്യസന്ധമായും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ധന ലാഭത്തിന് സ്ഥാനം അതിനെല്ലാം ശേഷമാണ്. അങ്ങനെയുള്ളവർ വളരെ അപൂർവമാണ് സിനിമയിൽ. അദ്ദേഹത്തിന്റെ വിയോഗം വലിയ ഒരു നഷ്ടമാണ് ഇന്ത്യൻ സിനിമയ്ക്ക്".
Content Highlighgts : Director Hariharan Remembers Late Award winning art director P Krishnamoorthy