സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന സുരരൈ പോട്ര് എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കയാണ്. സുധ കോങ്ങര സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയും ഗുണീത് മോങ്കയും ചേർന്നാണ് നിർമിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തീയേറ്ററുകൾ അടഞ്ഞു തന്നെ കിടക്കുന്ന സാഹചര്യത്തിലാണ് ഒ ടി ടി റിലീസ് ചെയ്യാമെന്ന് സൂര്യ തീരുമാനിക്കുന്നത്. സൂര്യയോട് ഒ ടി ടി റിലീസിനെക്കുറിച്ച് ഒന്നുകൂടി ആലോചിക്കാൻ പറയുകയാണ് സംവിധായകൻ ഹരി. സൂര്യയ്ക്ക് തുറന്ന കത്തെഴുതിയാണ് ഹരിയുടെ പ്രതികരണം.

കത്തിന്റെ ഉള്ളടക്കം

നിരവധി വർഷങ്ങൾ നാം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടല്ലോ. ചില കാര്യങ്ങൾ പങ്കുവെക്കാമെന്നു വച്ചു. ഒരു ആരാധകനെന്ന നിലയിൽ താങ്കളുടെ സിനിമകൾ ഒ ടി ടിയിൽ അല്ല, മറിച്ച് തീയേറ്ററിൽ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സിനിമകൾക്ക് തീയേറ്ററിൽ ഉഗ്രൻ പ്രതികരണങ്ങൾ ലഭിച്ചിട്ടുള്ളതല്ലേ. ആ പ്രതികരണങ്ങളും കൈയ്യടികളുമാണ് നമ്മെ ഇവിടെവരെയെത്തിച്ചത്. അവരെ നാം മറക്കരുത്.

സിനിമയാണ് നമ്മുടെ ദൈവം. ദൈവം എല്ലായിടത്തുമുണ്ട്. സിനിമ തീയേറ്ററുകളിൽ എത്തിയാൽ മാത്രമേ നമുക്ക് ബഹുമാനം ലഭിക്കൂ. സംവിധാ.കർക്കും അവരുടെ ക്രിയാത്മകതയ്ക്കും പ്രശസ്തിയും പേരും ലഭിക്കുന്നത് അപ്പോഴാണ്. നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ നല്ലപോലെ അറിയുന്നയാളാണ് ഞാൻ. താങ്കൾ എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കണം. സിനിമയുള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്തിയും നിലനിൽക്കും.

നേരത്തെ സൂര്യ നിർമ്മിച്ച് ജ്യോതിക നായികയായ പൊൻമകൾ വന്താൽ എന്ന ചിത്രം ആമസോണിൽ റിലീസ് ചെയ്തിരുന്നു.

Content Highlights :director hari writes letter to suriya to reconsider the ott release of surarai potru movie