സൂഫിയും സുജാതയും, ശാകുന്തളം | PHOTO: FACEBOOK/DEV MOHAN
'സൂഫിയും സുജാതയും' എന്ന ചിത്രം കണ്ടാണ് 'ശാകുന്തളം' എന്ന ചിത്രത്തിലെ നായകനാകാൻ മലയാള താരം ദേവ് മോഹനെ വിളിച്ചതെന്ന് സംവിധായകൻ ഗുണശേഖർ. 'ശാകുന്തള'ത്തിൽ അഭിനയിക്കാനായി നിരവധി ചിത്രങ്ങൾ ദേവ് വേണ്ടെന്ന് വെച്ചെന്നും സംവിധായകൻ വെളിപ്പെടുത്തി. സാമന്ത നായികയായെത്തുന്ന ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയിലെ പ്രധാന കഥാപാത്രമാണ് ദുഷ്യന്തൻ. പുതിയൊരു താരത്തെ അവതരിപ്പിക്കണമെന്ന് കരുതി ഇരിക്കുമ്പോഴാണ് സൂഫിയും സുജാതയും കാണുന്നതും ദേവിനെ ഇഷ്ടപ്പെടുന്നതും. ഞങ്ങൾ വിളിച്ചപ്പോൾ അദ്ദേഹം ഓഡിഷനിൽ പങ്കെടുക്കാൻ എത്തി. രൂപത്തിൽ തന്നെ ഞങ്ങൾക്ക് ദുഷ്യന്തനെപ്പോലെ തോന്നി. ചിത്രത്തിൽ വാൾപ്പയറ്റും കുതിര സവാരിയും ഒക്കെയുണ്ട്. മൂന്ന് നാല് മാസം മാസം അഭിനയകളരിയിൽ പങ്കെടുത്താൽ മാത്രമേ ഇത്തരം കഥാപാത്രം ചെയ്യാനാകൂ എന്ന് ഞാൻ പറഞ്ഞു. എത്ര സമയം ആയാലും പ്രശ്നമില്ല താൻ ചെയ്യാമെന്ന് ദേവ് പറഞ്ഞു. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുഗിൽ നിന്നുമെല്ലാം നിരവധി അവസരങ്ങൾ അദ്ദേഹത്തിന് വന്നു. പക്ഷേ അതെല്ലാം വേണ്ടെന്ന് വെച്ച് ശാകുന്തളത്തിനായി രണ്ടുവർഷം ദേവ് നൽകി', ഗുണശേഖർ പറഞ്ഞു.
മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക. അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വർക്സിൻറെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവാണ്. ഏപ്രില്‍ 14-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: director gunashekhar about sufiyum sujathayum actor dev mohan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..