ലയാള സിനിമയെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റാരോപിതനാക്കപ്പെട്ടത്. ദിലീപിനെപ്പോലെയൊരു കലാകാരന്‍, പ്രത്യേകിച്ച് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കലാകാരന്‍ ഇത്തരമൊരു അവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്നത് പത്രം വായിച്ചാലൊന്നും മനസിലാകില്ലെന്നും അത്തരമൊരു സാഹചര്യം നേരിട്ടനുഭവിച്ചാല്‍ തന്നെയേ അറിയൂ എന്നും സംവിധായകന്‍ ബാലചന്ദ്രമേനോന്‍ പറയുന്നു. 

കേസിന്റെ ന്യായ അന്യായങ്ങളിലേക്ക് പോകുന്നില്ല, അതെല്ലാം കോടതി നിശ്ചയിക്കണം. ഫിലിമി ഫ്രൈഡേസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബാലചന്ദ്രമേനോന്‍ ഇക്കാര്യം തുറന്നു പറയുന്നത്.

പത്രത്തിലൂടെ ഒരു കുറ്റകൃത്യത്തെപ്പറ്റി വായിച്ചറിയുമ്പോഴും അതിനെ ഉപരിപ്ലവമായേ വിലയിരുത്താനാകൂവെന്നും നേരിട്ടനുഭവിച്ചാല്‍ മാത്രമേ ആ അവസ്ഥയില്‍ കുറ്റാരോപിതനാകുന്ന കലാകാരന്‍ അനുഭവിക്കുന്ന മാനസിക പ്രതിസന്ധിയെക്കുറിച്ച് ശരിക്കു മനസിലാക്കാനാകൂവെന്നും സംവിധായകന്‍ പറയുന്നു. എത്ര വേദികളില്‍ കൈയടികളേറ്റു വാങ്ങിയ നടനാണ് പോലീസ് സന്നാഹത്തോടെ മാത്രം ഇപ്പോള്‍ പോകുന്നത്. പോലീസ് സന്നാഹത്തോടൊപ്പം വന്‍ ആള്‍ക്കൂട്ടവുമുണ്ട്. അതില്‍ ദിലീപിനെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ടാകും. കൈയടികള്‍ മാത്രം വാരിക്കൂട്ടിയ നടന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ടതാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. പണ്ട് സുഹൃത്തിന്റെ നിര്‍ദേശപ്രകാരം കള്ള സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്തതിന് റെയില്‍വേ പോലീസിന്റെ പിടിയിലാകേണ്ടി വന്ന അനുഭവവും സംവിധായകന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

എന്നാലും ശരത് എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുമ്പോള്‍ ദിലീപ് അവിടെ വന്നിരുന്നു. എല്ലാവരും കാത്തിരിക്കുകയായിരുന്നു അന്ന്. അദ്ദേഹത്തോട് സംസാരിച്ചു. ആത്മവിശ്വാസം നല്‍കി. നിങ്ങള്‍ ഈ പ്രശ്‌നങ്ങളൊക്കെ നേരിടുമെന്നു പറഞ്ഞു. ദിലീപ് നേരിടുന്നുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ആരുടെയും ഭാഗം പറയുകയല്ല. എന്നാലും ദിലീപിനെപ്പോലെ അത്രയും ജനപ്രീതിയുള്ള നടന്‍ പ്രതിസന്ധിഘട്ടങ്ങളെ നേരിടാന്‍ നടത്തിയ തയ്യാറെടുപ്പുകളെ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

Content Highlights : director Balachandramenon about Dileep, Ennalum Sarath shooting location