ന്റെ നിറത്തെ അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയുമായി സംവിധായകന്‍ അറ്റ്‌ലി രംഗത്ത്. അറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ പിറക്കുന്ന ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് അറ്റ്‌ലി മനസു തുറന്നത്.

ഗ്യാലറിയിലിരുന്ന് ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ മത്സരം കാണുന്ന അറ്റ്‌ലിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ചിത്രത്തില്‍ അറ്റ്‌ലിയുടെ നിറത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി കമന്റുകളാണ് വന്നത്.
 
അറ്റ്‌ലിയുടെ വാക്കുകള്‍-'മീമുകളൊക്കെ ഞാനും ശ്രദ്ധിച്ചു- ഇയാള്‍ കറുത്ത വേഷം ധരിച്ചതെന്തിനാണ്? നിന്നെ പ്രത്യേകം തിരിച്ചറിയാന്‍ ബുദ്ധിമുട്ടി, ഇവന്‍ കോപ്പിയടിയാണല്ലോ..എന്നെല്ലാം പറഞ്ഞാണ് അടിക്കുറിപ്പുകളുണ്ടായിരുന്നത്. അത് പോസ്റ്റ് ചെയ്തവര്‍ക്ക് നന്ദി.. ഒരു കാര്യം പറയാം.. ഹിന്ദി, ഇംഗ്ലീഷ് എന്നതെല്ലാം വെറും ശബ്ദങ്ങള്‍ മാത്രമാണ്. അറിവല്ല. അതുപോലെ കറുപ്പ്, വെളുപ്പ് എന്നിവയും വെറും നിറങ്ങളാണ്. എന്നോട്, പ്രത്യേകിച്ച് കറുപ്പു നിറത്തോട് വിരോധമുള്ളവര്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. ഇയാളും ഭാര്യയും തമ്മില്‍ ചേരുന്നേയില്ല. ഇയാള്‍ക്ക് ഇങ്ങനെയൊരു ഭാര്യയെ കിട്ടരുതായിരുന്നു. അങ്ങനെയെല്ലാം. എന്നെ ഇഷ്ടമുള്ള ആരാധകര്‍ ദിവസേന നാലഞ്ചു പ്രാവശ്യമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ എന്നോട് വിരോധമുളളവര്‍ ദിവസം നൂറു തവണയൊക്കെ എന്നെപ്പറ്റി സംസാരിക്കും. അത് അവര്‍ക്ക് ഇഷ്ടമുള്ളതു കൊണ്ടുമല്ലേ?  കറുപ്പും വെള്ളയും തുല്യമാണ്. അത് കേവലം രണ്ടു നിറങ്ങള്‍ മാത്രം.

വിജയ് അണ്ണനെ വച്ച് ഇതു മൂന്നാമത്തെ സിനിമയാണ്. വിജയ് അണ്ണന്‍ എപ്പോഴും പറയും. മറ്റുതാരങ്ങളെ വച്ചും നീ സിനിമ ചെയ്യണം. സത്യം പറയാമല്ലോ. അതിനെനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ എന്തു ചെയ്യാനാ? തിരക്കഥ തയ്യാറാക്കി വരുമ്പോള്‍ അണ്ണന്റെ മുഖമാണ് മനസില്‍ ആദ്യം വരിക. ബിഗില്‍ ഫുട്‌ബോള്‍പ്രേമിയുടെ കഥയാണ്. കമേഴ്‌സ്യല്‍ എന്റര്‍ടെയിനറാണ്. ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ച തിരക്കഥ ബിഗിലിന്റേതാണ്.'- അറ്റ്‌ലി വ്യക്തമാക്കി.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചിന്റെ കഥാപാത്രമാണ് ഒന്ന്. 16 പെണ്‍കുട്ടികള്‍  ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍  ട്രെയ്‌നിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്.

വിവേകും യോഗി ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍  റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദീപാവലി റിലീസായി സിനിമ തിയ്യറ്ററിലെത്തും.

Content Highlights : director atlee about colour discrimination against him on stage