ചിത്രത്തിന്റെ പോസ്റ്റർ, ആഷിക് അബു | photo: facebook/ashiq abu
എം.എസ്. ബാബുരാജിന്റെ ഗാനങ്ങള്‍ 'നീലവെളിച്ച'ത്തില്‍ ഉപയോഗിച്ചത് പാട്ടുകളുടെ അവകാശം നിയപരമായി സ്വന്തമാക്കിയതിന് ശേഷമാണെന്ന് സംവിധായകന്‍ ആഷിക് അബു. ബാബുരാജിന്റെ കുടുംബത്തെ ഗാനങ്ങള്‍ പുനര്‍നിര്‍മിച്ച് 'നീലവെളിച്ചം' സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിച്ചുവെന്ന് ആഷിക് അബു വ്യക്തമാക്കി.
എം.എസ്. ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കുടുംബം നിയമനടപടിയിലേക്ക് കടന്നതിന് പിന്നാലെയാണ് വാര്‍ത്താക്കുറുപ്പിലൂടെ സംവിധായകന്‍ പ്രതികരണവുമായി എത്തിയത്. നിലവിലുണ്ടായിരിക്കുന്ന വിവാദം തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് അനുമാനിക്കുന്നുവെന്നും ആഷിക് അബു അറിയിച്ചു.
സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ക്കാണ് ബാബുരാജിന്റെ മക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരികമന്ത്രി സജി ചെറിയാന് പരാതിയും നല്‍കിയിരുന്നു. ബാബുരാജിന്റെ സംഗീതത്തിന്റെ മാസ്മരികതയും തനിമയും നശിപ്പിക്കുന്ന തരത്തിലാണ് റീ മിക്സ് ചെയ്ത ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. റീമിക്സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടി.വി. ചാനലുകളില്‍നിന്നും പിന്‍വലിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
ഒ.പി.എം. സിനിമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്
1964 ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗവീനിലയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്‌ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്‌കരനില്‍ നിന്നും, സംഗീതസംവിധായകനായ ശ്രീ. എം. എസ് ബാബുരാജിന്റെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഈ അവകാശക്കൈമാറ്റ തുടര്‍ച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടര്‍ന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. (സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളില്‍ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.)
നിയമത്തിനപ്പുറം, ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞന്‍ ശ്രീ എം.എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് 'നീലവെളിച്ചം' സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളത്.
ഈ സാഹചര്യത്തില്‍, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി ശ്രീ എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങള്‍ നിരന്തരസമ്പര്‍ക്കങ്ങളിലാണ്.
ഈ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.
വിനയപൂര്‍വ്വം,
ആഷിഖ് അബു
ഒ.പി.എം സിനിമാസ്
ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ് കൈകാര്യം ചെയ്തിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും 'നീലവെളിച്ച'ത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ. വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് 'നീലവെളിച്ചം' നിര്‍മ്മിക്കുന്നത്. സജിന്‍ അലി പുലാക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
Content Highlights: director ashiq abu on neelavelicham song controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..