ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ് | https://youtu.be/Oz9SAMQLSz0
ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ അരുൺ മതേശ്വരൻ. വന്യമൃഗങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം എന്ന ആരോപണവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.
തമിഴ്നാട്ടിലെ കലക്കാട് മുണ്ടൻത്തുറൈ ടൈഗർ റിസർവിൽ വെച്ചല്ല 'ക്യാപ്റ്റൻ മില്ലെർ' ചിത്രീകരിച്ചതെന്ന് അരുൺ മതേശ്വരൻ പറഞ്ഞു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു ചിത്രീകരണമെന്നും അദ്ദേഹത്തിന്റെ അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുൺ വ്യക്തമാക്കി.
ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചത്. പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിച്ച വിഷയങ്ങൾ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. തമിഴിന് പുറമേ ഹിന്ദി, തെലുഗു ഭാഷകളിലും ക്യാപ്റ്റൻ മില്ലർ പുറത്തിറങ്ങും. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിത്.
മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവഹിക്കുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം. ദിലീപ് സുബ്ബരായനാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് നഗൂരൻ. കലാസംവിധാനം ടി. രാമലിംഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് സഹനിർമാതാക്കൾ.
Content Highlights: director arun on captain miller movie shooting controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..