സംവിധായകന്‍ എ.എല്‍ വിജയ് രണ്ടാമത് വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചെന്നൈ സ്വദേശിയായ ഡോക്ടറാണ് വിജയിന്റെ വധുവെന്നും. വിവാഹം ജൂലൈ 11 ന് നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് വിജയ്. 

മാധ്യമങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വിജയിന്റെ പത്രക്കുറിപ്പ് വി4 എന്റെര്‍ടെയ്‌നേഴ്‌സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പുറത്തുവിട്ടിരിക്കുന്നത്. 

"ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതയാത്ര എന്ന് പറയുന്നത് പ്രത്യേകത ഉള്ളതും സമാനതകള്‍ ഇല്ലാത്തുമായിരിക്കും.. മറ്റാരെയും പോലെ തന്നെ എന്റെ ജീവിതവും സങ്കടങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും പരാജയങ്ങളിലൂടെയും വിജയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷേ ആ അവസരങ്ങളിലെല്ലാം തന്നെ എന്നോട് കൂടെ ഉണ്ടായിരുന്നത് ഞാന്‍ സുഹൃത്തുക്കള്‍ എന്നല്ല കുടുംബം എന്ന് അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്. അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു...

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുടക്കം എന്റെ എല്ലാ അഭ്യുദയകാംഷികളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നുന്നു. ഡോക്ടര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം ഞാന്‍ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. വരുന്ന ജൂലൈയില്‍ സ്വകാര്യ ചടങ്ങായാണ് നടക്കുക.. നിങ്ങളുടെ ഏവരുടെയും സ്‌നേഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കംകുറിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി..."വിജയുടെ പത്രക്കുറിപ്പില്‍ പറയുന്നു. 

Al Vijay


മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.

Content Highlights : Director AL Vijay Getting Married To Doctor Aishwarya AL Vijay Press Confirms Marriage