ബോക്‌സോഫീസില്‍ കഴുത്തറപ്പന്‍ മത്സരമായിരുന്നു ഷാരൂഖിന്റെ ദില്‍വാലെയും രണ്‍വീറിന്റെ ബാജിറാവു മസ്താനിയും തമ്മില്‍. ആര് ആരെ വെട്ടുമെന്ന് തിട്ടമില്ലാത്ത അവസ്ഥ. എന്നാല്‍, ആദ്യവാരം പിന്നിട്ടപ്പോള്‍ ദില്‍വാലെ തന്നെയാണ് കളക്ഷന്റെ കാര്യത്തില്‍ മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നൂറ് കോടി രൂപയാണ് ഈ ഷാരൂഖ്-കജോള്‍ ചിത്രം ലോകമെങ്ങും നിന്ന് കളക്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം 65 കോടി രൂപ ചിത്രം കീശയിലാക്കി. അതേസമയം രണ്‍വീര്‍ സിങ്-പ്രിയങ്ക ചോപ്ര-ദീപിക പദുക്കോണ്‍ ചിത്രമായ ബാജിറാവുവിന് ഇതുവരെ നൂറ് കോടി കടക്കാനായിട്ടില്ല. 90.80 കോടിയാണ് ഇതുവരെ ലോകമെങ്ങുമുള്ള റിലീസില്‍ നിന്ന് അവര്‍ നേടിയത്.

baji rao mastani

ആദ്യദിവസത്തെ കളക്ഷനിലും ദില്‍വാലെ കാതങ്ങള്‍ മുന്നിലായിരുന്നു. ഷാരൂഖ് ചിത്രത്തിന് റിലീസ് ദിവസം 21 കോടി രൂപ ലഭിച്ചപ്പോള്‍ ബാജിറാവുവിന് 12.80 കോടി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഞായറാഴ്ചയാണ് അവര്‍ക്ക് ഏറ്റവും വലിയ കളക്ഷന്‍ ലഭിച്ചത് 24 കോടി. ബാജിറാവുവിന് ഇക്കഴിഞ്ഞ ഞായറാഴ്ച 18.45 കോടി രൂപയാണ് നേടാനായത്. ആദ്യത്തെ നാലു ദിവസം കൊണ്ട് ദില്‍വാലെ 74.18 കോടിയും ബാജിറാവു 57.02 കോടിയുമാണ് സ്വന്തമാക്കിയത്.