കുറേക്കാലം സംരക്ഷകരെ കാത്തുനിന്നു. ബോളിവുഡ് താരം ദിലീപ് കുമാറിന്റെ പാകിസ്താനിലെ തറവാട് വീട് ഒടുവില്‍ കാലത്തിന് കീഴടങ്ങി നിലംപൊത്തി. ഏറെനാളായി ശോചനീയമായ അവസ്ഥയിലായിരുന്നു പേഷ്വാറിൽ  ദിലീപ് കുമാര്‍ ജനിച്ചു വളര്‍ന്ന വീട്. നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നു വീടിന്. 

ചരിത്രപ്രാധാന്യമുള്ള ക്വിസ്സ ഖവാനി ബസാറിന് സമീപത്തെ മൊഹല്ല ഖുദ ദാദിനോട് ചേര്‍ന്ന് നിലകൊണ്ടിരുന്ന വീടിന്റെ മുന്‍ഭാഗവും ഗേറ്റും ഒഴികെയുള്ള ഭാഗങ്ങളെല്ലാം പൂര്‍ണമായി തന്നെ തകര്‍ന്ന് മണ്ണടിഞ്ഞു. 2014ല്‍ ദേശീയ പൈതൃകമായി പുരുവസ്തു വകുപ്പ് പ്രഖ്യാപിച്ച കെട്ടിടമായിരുന്നു ഇത്.

കെട്ടിടം വേണ്ടരീതിയില്‍ സംരക്ഷിക്കാത്തതില്‍ ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യാ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്‍ച്ചറല്‍ ഹെറിറ്റേജ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷക്കീല്‍ വഹീദുള്ള തന്നെ ആറ് നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.

അതേസമയം ശോചനീയമായ അവസ്ഥയിലായിരുന്ന കെട്ടിടം ഒരു കാരണവശാലും സംരക്ഷിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പറ്റുമായിരുന്നില്ലെന്ന് ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയംസ് ഡയറക്ടര്‍ അബ്ദുള്‍ സമദ് പറഞ്ഞു. കെട്ടിടം പൊളിച്ച് പുതിയത് പണിയുക മാത്രമായിരുന്നു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. പുരാവസ്തു വകുപ്പ് വൈകാതെ തന്നെ ഈ കെട്ടിടത്തിന്റെ ഒരു മാതൃക നിര്‍മിക്കുമെന്ന് സമദ് അറിയിച്ചു.

മുഹമ്മദ് യൂസുഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ 1922 ഡിസംബര്‍ പതിനൊന്നിനാണ് ഈ വീട്ടില്‍ ജനിച്ചത്. പഴം വ്യാപാരിയായ അച്ഛൻ ലാല ഗുലാം സര്‍വാറിന് മഹാരാഷ്ട്രയിലും തോട്ടങ്ങൾ ഉള്ളതിനാൽ ദിലീപ് കുമാര്‍ പഠിച്ചതെല്ലാം നാസിക്കിലായിരുന്നു. 1930ല്‍ തന്നെ കുടുംബം തറവാട് വീട് ഉപേക്ഷിച്ച് മുംബൈയിലേയ്ക്ക് താമസം മാറ്റി.

രാജ് കപൂറിന്റെ അൽപക്കത്തായിരുന്നു ദിലീപ് കുമാറും താമസം. അക്കാലത്ത് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ. രാജ് കപൂറിനെപ്പോലെ പില്‍ക്കാലത്ത് ദിലീപ് കുമാറും വെള്ളിത്തിരയിലെത്തി. ദു:ഖപുത്രനായി നിറഞ്ഞുനിന്ന ദിലീപിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ തവണ അവാര്‍ഡ് നേടിയ നടന്‍ എന്ന ഗിന്നസ് റെക്കോഡ്. എന്നാല്‍, പാക് സര്‍ക്കാര്‍ നിഷാന്‍ ഇ ഇംത്യാസ് അവാര്‍ഡ് നല്‍കി ആദരിച്ചത് ദിലീപ് കുമാറിന് വലിയ തിരിച്ചടിയായി. ദിലീപ് കുമാറിന്റെ രാജ്യസ്നേഹത്തെപ്പോലും ചോദ്യംചെയ്യുന്ന അവസ്ഥയുമായി. പിന്നീട് അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ദിലീപ് കുമാര്‍ അവാര്‍ഡ് കൈവശം വയ്ക്കാന്‍ തീരുമാനിച്ചത്.

തൊണ്ണൂറ്റിനാല് വയസ്സുള്ള ദിലീപ് കുമാർ ഇപ്പോൾ വാർധക്യസഹജമായ അവശതകൾ കാരണം വിശ്രമത്തിലാണ്. വീട് പൊളിഞ്ഞ വിവരം ഭാര്യ സൈറാ ബാനുവിനെ അറിയിച്ചിട്ടുണ്ട്.