ഫ്രിക്കയിലെ ജിബൂട്ടിയിലെ ഷൂട്ടിങ്ങിനു ശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സംവിധായകന്‍ ദിലീഷ് പോത്തന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്തു വന്നു. ഫലം നെഗറ്റീവാണെന്നും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ചിത്രം സഹിതമാണ് ദിലീഷ് പോത്തന്റെ പോസ്റ്റ്.

ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'ജിബൂട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ജൂണ്‍ ആറിനാണ് കൊച്ചിയിലെത്തിയത്. നടന്‍ ദിലീഷ് പോത്തനടക്കം 71 പേര്‍  സംഘത്തിലുണ്ടായിരുന്നു. കൊച്ചിയിലെത്തി ഏവരും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. സംഘത്തിലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുണ്ടായിരുന്നവരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.

നിര്‍മ്മാതാവ് ജോബി പി സാമിന്റെ ഇടപെടലിലൂടെയാണ് സംഘത്തിന് നാട്ടിലെത്താനായത്. ഏപ്രില്‍  18നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും ലോക്ക് ഡൗണ്‍ മൂലം  യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിര്‍മാതാവും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. 

ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. അമിത് ചക്കാലക്കല്‍ ആണ് നായകനാകുന്നത്. നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ്. അഞ്ജലി നായര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, ആതിര, രോഹിത് മഗ്ഗു, ബാലതാരം ജോര്‍ജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ജിബൂട്ടിയില്‍ നിന്നും  300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ചിത്രീകരണം. 

Content Highlights : dileesh pothan director covid 19 negative fb post medical report after djibouti movie shoot