വളരെ കുറച്ച നാളുകള്‍ കൊണ്ടു തന്നെ മലയാളികളുടെ ജനപ്രിയ നടനും സംവിധായകനുമായ വ്യക്തിയാണ് ദിലീഷ് പോത്തന്‍. ആദ്യ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരം ഇരുകൈയും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. അഭിനയത്തിലും സംവിധാനത്തിലും വേറിട്ട് നില്‍ക്കുന്ന ദീലീഷ് പോത്തന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സജീവമായി കൊണ്ടിരിക്കുന്നത്. ദിലീഷ് നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോയിലെ പ്രസ്‌ക്ത ഭാഗങ്ങള്‍

ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് കൊണ്ടുപോവാനുള്ളത് കൊണ്ട് തന്നെ ടീം സ്പിരിറ്റ് നിര്‍ബന്ധമാണ്. നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നമ്മളോട് തുറന്നുപറയാം. ജോലിയുടെ ഭാഗമായി വഴക്ക് പറയേണ്ടി വന്നാല്‍ അതിനെയൊക്കെ ആ സ്പിരിറ്റില്‍ എടുക്കണം. ആ പ്രഷര്‍ ടൈം കഴിയുമ്പോള്‍ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുവരണം. അപ്പോഴേ പരിപാടി ഉഷാര്‍ ആകാന്‍ പറ്റു.

അറുപത് ദിവസത്തെ ഷെഡ്യൂള്‍ ആണിത്. കുറച്ചു ദിവസം കഴിയുമ്പോള്‍ സ്വാഭാവികമായും ബോറടിക്കാന്‍ തുടങ്ങും. പാര്‍ട്ടികളൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളുകുടിയും വെള്ളമടിയും നടത്തുന്നതിന് കുഴപ്പമില്ല, അത് ഡിപ്പാര്‍ട്ട്‌മെന്റിന് അകത്താകാന്‍ ശ്രദ്ധിക്കുക. കിടക്കാന്‍ നേരം അവനവന്റെ മുറിയിലിരുന്ന് അടിച്ചിട്ടു കിടക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ പേര്‍ കൂടിയിരുന്ന് കഴിച്ചാലും കുഴപ്പമില്ല, കഴിവതും ഒഴിവാക്കുക, റെഗുലറാക്കാതിരിക്കാന്‍ ശ്രമിക്കുക. മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ചേര്‍ന്നുള്ള കള്ളുകുടി കമ്പനികളില്‍നിന്നും ബുദ്ധിപൂര്‍വ്വവും സ്മാര്‍ട്ടായും നിങ്ങള്‍ അത് ഒഴിവാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഷൂട്ടിന് ശേഷം നമുക്ക് പൊളിക്കാം. നമ്മള്‍ ഒരു ബേസിക് ടീം ആണ്. ചില ലിമിറ്റേഷന്‍സ് ഉണ്ടാകണം. പ്രവൃത്തിസമയത്ത് മദ്യത്തിലോ ലഹരിയിലോ ആരേയും കാണാനിടയാകരുത്. ലേറ്റ് നൈറ്റ് ഡിസ്‌കഷന്‍സ് ഒഴിവാക്കുക.

മിനിമം ആറു മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. എല്ലാവരും ഈ 60 ദിവസം കഴിഞ്ഞും ഹെല്‍ത്തി ആയിട്ടിരിക്കേണ്ട ആവശ്യം നമുക്കുണ്ട്. ഒരാളും ക്ഷീണിതരാകരുത്. ആറു മണിക്കൂര്‍ ഉറങ്ങാനുള്ള സമയം തന്നിട്ടേ അടുത്ത ദിവസം ഷൂട്ട് തുടങ്ങൂ. എല്ലാവരുടെയും ആരോഗ്യം സൂക്ഷിക്കണം. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോള്‍ കൃത്യമായി മരുന്ന് കഴിക്കുക. രോഗങ്ങളെ സയന്റിഫിക്കായി സമീപിക്കുക

ഫഹദ് ഫാസില്‍ സൈക്കോ വില്ലനായി എത്തുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: dileesh pothan advice to kumbalangy nights crew, syam pushkaran, fahad faazil ,shain nigam , sreenath basi, sowbin shaheer