കൊച്ചി: ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ നാല് അംഗങ്ങൾ ‘അമ്മ’യിൽനിന്ന് രാജിവെച്ചതോടെ ഇനി എല്ലാ കണ്ണുകളും പൃഥ്വിരാജിലേക്ക്. രാജിവെച്ചവർക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയാൽ ഒരുപക്ഷേ, അമ്മയിൽ പിളർപ്പിന് വഴിയൊരുങ്ങും.

നടി ആക്രമിക്കപ്പെട്ടപ്പോൾ തീവ്രമായ വാക്കുകളിലൂടെ ആദ്യം പ്രതികരിച്ചതും പിന്തുണച്ചതും പൃഥ്വിരാജാണ്. സംഘർഷം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മമ്മൂട്ടിയുടെ വീട്ടിൽച്ചേർന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സംഘടനയിൽനിന്ന് പുറത്തുപോകേണ്ടിവരുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മർദത്തെത്തുടർന്നാണ് ദിലീപിനെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ‘അമ്മ’ നേതൃത്വത്തിന് എത്തേണ്ടിവന്നത്. പിളർപ്പ് ഒഴിവാക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു മനസ്സില്ലാമനസ്സോടെയുള്ള പുറത്താക്കലിനുപിന്നിൽ.

‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി സംഘംചേർന്ന് വിമതസ്വരമുയർത്തുകയും ഇപ്പോൾ നാലുപേരുടെ രാജിയിലൂടെ കടുത്ത വെല്ലുവിളി ഉയർത്തുകയുംചെയ്ത ‘വിമൻ ഇൻ സിനിമ കളക്ടീവി’(ഡബ്ല്യു.സി.സി)-ന് പുറത്തുനിന്ന് പിന്തുണകൊടുക്കുന്നത് സംവിധായകൻ ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മാത്രമാണ്. സംഘടനയ്ക്കുള്ളിൽ അവർക്ക് പരസ്യപിന്തുണനൽകാൻ നടന്മാരാരും തയ്യാറായിട്ടില്ല. ഭൂരിഭാഗം നടിമാരും നേതൃത്വത്തെ ഭയന്ന് നിശ്ശബ്ദത പാലിക്കുകയുമാണ്.

പൃഥ്വിരാജ് സിനിമയിലെത്തിയ കാലംമുതൽ ദിലീപുമായുള്ള ശീതസമരം സിനിമയിലെ പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ നിലപാട് നിർണായകമാകുന്നത്. ‘അമ്മ’ നേതൃത്വത്തെ ആദ്യമായി വെല്ലുവിളിച്ച സുകുമാരന്റെ മകൻ അച്ഛന്റെ വഴിയേനീങ്ങി മറ്റൊരു സംഘടനയ്ക്ക് കളമൊരുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാള സിനിമാലോകം. അങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് പൃഥ്വിയെത്തിയാൽ എത്രപേർ കൂടെയുണ്ടാകും എന്നതും മറ്റൊരു ചോദ്യമാണ്.

എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പൃഥ്വിയെ പിന്തുണച്ച് ആസിഫ് അലിയുണ്ടായിരുന്നു. ദിലീപിനെ പുറത്താക്കണമെന്നുതന്നെയാണ് അഭിപ്രായം എന്നതരത്തിൽ യോഗത്തിനുമുമ്പ് മാധ്യമങ്ങൾക്കുമുമ്പാകെ സംസാരിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് താൻ യോഗത്തിൽ അത്തരമൊരു ആവശ്യം ഉയർത്തിയിട്ടില്ലെന്ന നിലപാടാണ് ആസിഫെടുത്തത്.

ഇതൊക്കെക്കൊണ്ടുതന്നെ പൃഥ്വിയുടെ നേതൃത്വത്തിൽ പുതിയൊരു സംഘടനവന്നാൽ അതിലേക്ക് ‘അമ്മ’യിൽനിന്ന് കുത്തൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൂടാ. പുതിയ സംഘടനയെന്നത് വലിയ വെല്ലുവിളിയാണെന്നും അങ്ങനെയൊന്നുമായി സിനിമയിൽ മുന്നോട്ടുപോകാനാകില്ലെന്നും ഏറ്റവും നന്നായി അറിയാവുന്നതും പൃഥ്വിക്കുതന്നെ.

അതിനേക്കാൾ പ്രധാനവസ്തുത പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ‘ലൂസിഫറി’ലെ നായകൻ ‘അമ്മ’യുടെ പുതിയ പ്രസിഡന്റായ മോഹൻലാലാണെന്നതാണ്. ഇതിനകം വലിയ ചർച്ചയായിക്കഴിഞ്ഞ സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ മോഹൻലാലിനെതിരേ കലാപത്തിന് പൃഥ്വി ഒരിക്കലും തയ്യാറാകില്ലെന്നാണ് സിനിമാലോകം കരുതുന്നത്.

ഇപ്പോൾ രാജിവെച്ച നടിമാർ സിനിമയിൽ സക്രിയമല്ലാത്തവരാണെന്നും അതുകൊണ്ടുതന്നെ അവരുടെ ഭീഷണി വിലപ്പോകില്ലെന്നുമാണ് ‘അമ്മ’ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അവർക്ക് പിന്തുണയുമായി സംഘടനയ്ക്കുള്ളിൽനിന്ന് ഇനിയാരുമുണ്ടാകില്ലെന്നും അവർ പറയുന്നു. ഡബ്ല്യു.സി.സി.യുടെ നേതൃനിരയിലുള്ള മഞ്ജുവാര്യർ, പാർവതി തുടങ്ങിയവരുടെ മൗനം അതിനുള്ളിൽതന്നെ വിരുദ്ധാഭിപ്രായമുള്ളതിന്റെ തെളിവാണെന്നും ‘അമ്മ’യുടെ നേതൃത്വം പറയുന്നു.