കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ  കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന്  പ്രതിയായ നടൻ ദിലീപ്.  ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്.

 ദിലീപ്  അടക്കമുള്ള പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ചുകാണിക്കാൻ കോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യം പ്രകടിപ്പിച്ചിരിക്കുന്നത്. 

അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30-നാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നത്.

ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇനി ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങള്‍ കാണിക്കാമെന്നതില്‍ കോടതി അന്തിമതീരുമാനം പുറപ്പെടുവിക്കുക.

Content Highlights : dileep submits petition before court to watch the molestation visuals alone