ദിലീപ്-നാദിര്‍ഷാ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. മധ്യവയസ്‌കനായി ദിലീപ് എത്തുന്ന കോമഡി എന്റര്‍ടെയിനറായ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ രസകരമാണ്. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു.

ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ചിത്രത്തില്‍. കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നയാളായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ ഭാര്യയായാണ് ഉര്‍വശി അഭിനയിക്കുന്നത്. വൈഷ്ണവി ജൂണില്‍ അഭിനയിച്ചിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലന്‍.

സിനിമയെക്കുറിച്ച് നാദിര്‍ഷാ പറയുന്നത് ഇങ്ങനെ. 'മൂന്ന് പെങ്ങന്മാരും അളിയന്മാരും നിറഞ്ഞ വീട്ടിലാണ് കേശു താമസിക്കുന്നത്. സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരാണ് അളിയന്മാരുടെ വേഷത്തിലെത്തുന്നത്. സമകാലീന മലയാളസിനിമയില്‍ കുടുംബബന്ധങ്ങളുടെ കഥകള്‍ വളരെ കുറവാണ്. കുടുംബപശ്ചാത്തലത്തില്‍ നര്‍മത്തില്‍ ചാലിച്ച കഥയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. കൊച്ചി, പളനി, രാമേശ്വരം, കാശി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എഴുതിയ സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്. ഹരി നാരായണന്‍, ജ്യോതിഷ് എന്നിവരുടെ വരികള്‍ക്ക് ഞാന്‍തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. അനില്‍ നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'കേശു ഈ വീടിന്റെ നാഥന്‍' തമാശകള്‍ നിറഞ്ഞ ഒരു കുടുംബചിത്രമായി ഒരുക്കാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്.'

dileep urvasi

Content Highlights : dileep pairs with urvasi keshu ee veedinte nadhan movie nadirshah poster