കൊച്ചി: കേരളത്തിൽ ഇനി തിയേറ്ററുകൾ അടച്ചിടുന്ന അവസ്ഥ ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് നടൻ ദിലീപ്. തിയേറ്റർ ഉടമകളുടെ പുതിയ സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനായോഗത്തിനുശേഷം  മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തിയേറ്റർ ഉടമയും വിതരണക്കാരനും നിർമാതാവും കൂടിയായ ദിലീപ്. മലയാള സിനിമകൾ ഇനി തിയേറ്റകളിൽ  പ്രദർശിപ്പിച്ചുതുടങ്ങും. നിർമാതാക്കളുമായുണ്ടാക്കിയ ധാരണ അനുസരിച്ച് ഇതിനുള്ള സൗകര്യം തിയേറ്റർ ഉടമകൾ ഒരുക്കിയേ പറ്റൂ. പുതിയ സംഘടനയ്ക്ക് നല്ല ഉദ്ദേശ്യം മാത്രമേയുള്ളൂ-ദിലീപ് പറഞ്ഞു.

"വിതരണക്കാരന്റെയും നിര്‍മാതാവിന്റെയും തിയേറ്റര്‍ ഉടമയുടെയും വിഷമങ്ങള്‍ നന്നായി മനസ്സിലാവുന്ന ആളാണ് ഞാന്‍. കാരണം ഞാനിപ്പോള്‍ ഒരു അഭിനേതാവ് മാത്രമല്ല, നിര്‍മാതാവും വിതരണക്കാരനും ഇപ്പോള്‍ ഒരു തിയേറ്റ ഉടമയുമാണ്. ഞാന്‍ കള്ളപ്പണം കൊണ്ടാണ് തിയേറ്റര്‍ ഉണ്ടാക്കിയതെന്ന് ചിലര്‍ പറയുന്നത് കേട്ടു. ഞാന്‍ അതിന് മറുപടി പറയാന്‍ നിന്നില്ല. എണ്‍പത് ശതമാനം ലോണെടുത്താണ് ഞാന്‍ തിയേറ്റര്‍ നിര്‍മിച്ചത്.

ഈ സീസണില്‍ സര്‍ക്കാറിനും തിയേറ്ററുടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും ലഭിക്കേണ്ട ലാഭമാണ് സിനിമാ സമരത്തിന്റെ പേരില്‍ നഷ്ടമായിരിക്കുന്നത്. ഒരു സംവിധായകനും നിര്‍മാതാവും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും ആറ്റു നോറ്റാണ് സിനിമ പ്രദര്‍ശനത്തിന് സജ്ജമാക്കുന്നത്. അവരെയെല്ലം നിരാശപ്പെടുത്തുന്ന തരത്തിലായിരുന്നു ഈ സമരം. 

സിനിമയ്ക്കുവേണ്ടിയുള്ള നല്ല കൂട്ടായ്മ എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന. തിയേറ്ററുകള്‍ ഒരിക്കലും ഇനി അടച്ചിടുന്ന സ്ഥിതി വിശേഷമുണ്ടാകരുത്. എന്ത് അഭിപ്രായവത്യസങ്ങളുണ്ടായാലും അത് ചര്‍ച്ചകളിലൂടെ പരിഹരിക്കണം. സിനിമയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ ഒരിക്കലും ബുദ്ധിമുട്ട് നേരിടരുത്. 

പുതിയ സംഘടനയ്ക്കു പിന്നില്‍ സിനിമാസ്‌നേഹികളായ തിയേറ്ററുടമകളാണ്. കൂടാതെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയുമുണ്ട്. ഇനി സിനിമകള്‍ ഓരോന്നായി റിലീസ് ചെയ്തു തുടങ്ങും. നിര്‍മാതാക്കളുമായുണ്ടാക്കിയ ധാരണ പ്രകാരം ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പാക്കാനുളള സൗകര്യം തിയേറ്ററുടമകള്‍ ഒരുക്കിയേ പറ്റു. തങ്ങളുടെ ഈ ഉദ്യമത്തിന് അമ്മയുടെയും ഫെഫ്കയുടെയും പൂര്‍ണ പിന്തുണയുണ്ട്. ഇനി തിയേറ്ററുകള്‍ അടച്ചിടുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാകാന്‍ സമ്മതിക്കുകയില്ല"- ദിലീപ് പറഞ്ഞു.