കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്. 

ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര.

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവാണ് പ്രൊഫസര്‍ ഡിങ്കന്‍ സംവിധാനം ചെയ്യുന്നത്. റാഫിയുടേതാണ് തിരക്കഥ. നമിത പ്രമോദ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസ്സപ്പെടുത്തുകയാണെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന സാക്ഷികളില്‍ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം തള്ളിയാണ് ദിലീപിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. 

യാത്രയ്ക്കു മുന്‍പ് യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കണം. എവിടെ താമസിക്കുന്നു, ബാങ്കോക്കില്‍ എവിടെയൊക്കെ യാത്ര ചെയ്യുന്നു, കൂടെയുള്ളത് ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങളാണ് കോടതിയെ അറിയിക്കേണ്ടത്.

Content Highlights: dileep get permission to travel abroad get passport ernakulam session court actress molestation case