നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. 'അമ്മ' ഒരു മാഫിയ ആയി മാറിയെന്നും ചില ആളുകളുടെ ശക്തികേന്ദ്രമാണതെന്നും ആഷിഖ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'അമ്മ'യില്‍ നടക്കുന്നത് ഗുണ്ടായിസമാണെന്നും തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തക്കാത്തവരെ ശാരീരികമായി  ക്രിമിനല്‍ സ്വഭാവത്തോടെ നേരിടുകയുമാണ് ചെയ്യുന്നതെന്ന് ആഷിഖ് പറയുന്നു.

ആഷിഖിന്റെ വാക്കുകള്‍  

"ഈ രാജിയെ കുറേ കാലങ്ങളായി ഈ മേഖലയില്‍ നില്‍ക്കുന്ന പ്രശ്‌നത്തിന്റെ ഒരു പ്രതിഫലനമായിട്ട് വേണം കാണാന്‍. സിനിമ എന്ന ഗ്ലാമര്‍ ഫാക്ടര്‍ മാറ്റിനിര്‍ത്തിയാല്‍ ഇവിടെ നടക്കുന്നത് വളരെ സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ്. വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ്. ആളുകളെ ഉപദ്രവിക്കുന്നതാണ് നടക്കുന്നത്. സ്വതന്ത്രമായി പണിയെടുക്കാനുള്ള ഒരാളുടെ അവകാശത്തെ ഗുണ്ടായിസം ഉപയോഗിച്ചും മാഫിയ പ്രവര്‍ത്തനം നടത്തിയും തടയുന്നതാണ് നടക്കുന്നത്. സിനിമ എന്ന ഗ്ലാമര്‍ ഉള്ളതുകൊണ്ട് മാത്രമാണ് പൊതുസമൂഹം ഇതെല്ലാം വെറും കളിയായി കാണുന്നത്. ഇത് മറ്റൊരു സിനിമയായി കാണുന്നത്. പക്ഷെ അത് മാറ്റി നിര്‍ത്തിയാല്‍ നടക്കുന്നത് വളരെ വലിയ മനുഷ്യാവകാശ ലംഘനമാണ്.

സ്വന്തം അഭിപ്രായത്തോടും താല്‍പര്യത്തോടും ചേര്‍ന്ന് പോകാത്തവരെ കായികമായി നേരിടുക, അവരുടെ അഭിമാനത്തെ വരെ ക്ഷതമേല്പിക്കുന്ന രീതിയില്‍ ശാരീരികമായി ക്രിമിനല്‍ സ്വഭാവത്തോടെ പെരുമാറുക ഇതൊക്കെയാണ് നടക്കുന്നത്.

വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് ആരെയും ഉപദ്രവിക്കാതെ ഈ പെണ്‍കുട്ടികള്‍ അതില്‍ നിന്ന് ഇറങ്ങി പോന്നത്. അവര്‍ അത്രയും അപമാനം നേരിട്ടിട്ടുണ്ട്. അതിനകത്ത് നിന്നിട്ട് ഇനി ഒരു കാര്യവുമില്ലെന്ന് മനസ്സിലായി. ഈ സ്ഥാപിത താല്‍പര്യക്കാരായ ആണുങ്ങളുടെ  ഇംഗിതത്തിനൊത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ എന്തെങ്കിലും പുരോഗതി അവരുടെ കരിയറില്‍ ഉണ്ടാകൂ. ഇത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ നില്‍ക്കുന്ന സംഗതിയാണ്. ഇന്നത്തെ പെണ്‍കുട്ടികളോട് ഇതസരിച്ച് നില്‍ക്കണമെന്ന് പറഞ്ഞാല്‍ അവരുടെ സെന്‍സിബിലിറ്റി അനുസരിച്ച് അതിന് സാധിച്ചെന്നു വരില്ല. 

അപ്പോള്‍ സ്വാഭാവികമായും ഒരു കലഹം ഉണ്ടാകും. അവര്‍ അവരുടെ സ്വന്തം അഭിപ്രായത്തില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്, വളരെ സ്വാഭാവികമായുള്ള പ്രതികരണമാണ് ഇത്. നടന്നത്  ഒരു ക്രിമിനല്‍ സംഗതിയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ പെണ്‍കുട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അല്ലെങ്കില്‍ അവര്‍ ഒറ്റപ്പെടുമെന്നും ഒറ്റ തിരിഞ്ഞു ആക്രമിക്കപെടുമെന്നും  തോന്നിയതിനാലാണ് ഡബ്ല്യു.സി.സി ഉണ്ടായത്. എന്നിട്ടും സംഘടനയുമായി ഒത്ത് പോകാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ അതിന് ഒരു ചാനല്‍ പരിപാടിയില്‍ വളരെ നിന്ദ്യമായ രീതിയില്‍ അവരെ ആക്ഷേപിക്കുകയാണ് ചെയ്തത്. 

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഡബ്ല്യു.സി.സി ഒരു ജനാധിപത്യ സംഘടനയാണ്. അതിനാല്‍ തന്നെ ഒരു തീരുമാനമെടുക്കുമ്പോള്‍ അത് എല്ലാവരുമായി കൂടിയാലോചിച്ച ശേഷം വേണം. അതിന് അവര്‍ക്ക് അതിനുള്ള സമയം വേണം. അതല്ലാതെ പ്രതികരിച്ചത് വൈകി പോയി എന്ന് തോന്നുന്നില്ല.   

അമ്മ ഒരു മാഫിയ കൂട്ടമായി മാറി കഴിഞ്ഞു, കുറേ വര്‍ഷങ്ങളായി. ഒരു പരാതി പറഞ്ഞാല്‍ അത് മനുഷ്യത്വപരമായി കേള്‍ക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന ഏത് നേതൃത്വമാണ് ഈ അടുത്ത കാലത്ത് 'അമ്മ'യില്‍ ഉണ്ടായിട്ടുള്ളത്. ചില ആളുകളുടെ ശക്തികേന്ദ്രമായി നില്‍ക്കുന്ന ഒരു ക്ലബ് ആണ് 'അമ്മ'. 

മലയാള സിനിമയിലെ തൊഴില്‍ 'അമ്മ'യിലെ ആള്‍ക്കാരുടെ കയ്യില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇപ്പോഴും ഇവരുടെ സഹായമില്ലാതെ ഇവിടെ സിനിമ സംഭവിക്കുന്നുണ്ട്. മമ്മൂക്കയെയും ലാലേട്ടനെയും മാറ്റി നിര്‍ത്തി കഴിഞ്ഞാല്‍ മലയാള സിനിമയിലേക്ക് വലിയ സംഭാവന ചെയ്യുന്ന ആരാണ് ഇവിടെ ഉള്ളത്. ഇനി സംഘടനയില്ലാതെ ഇവര്‍ക്ക് സിനിമ നിഷേധിക്കപ്പെടുകയാണെങ്കില്‍ ഞങ്ങളൊക്കെ  അവര്‍ക്കൊപ്പമുണ്ടാകും". ആഷിക് പറഞ്ഞു 

Content Highlights : dileep back to amma four actresess resigned from amma aashiq abu against amma