ടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് ചലചിത്ര പ്രവര്‍ത്തകര്‍ ജയിലേക്ക് ഒഴുകിയപ്പോള്‍ സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങ് വേദിയായത് ഒരു തുറന്ന പ്രഖ്യാപനത്തിന്.

തലശ്ശേരിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്ന് ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ദിലീപിന് ലഭിക്കുന്ന പിന്തുണ ആക്രമിക്കപ്പെട്ട നടിക്ക് സിനിമാ രംഗത്ത് നിന്ന് ലഭിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വനിത കൂട്ടായ്മയുടെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

ചടങ്ങില്‍ നൃത്തം അവതരിപ്പിച്ച നടി റിമ കല്ലിങ്കല്‍ 'അവള്‍ക്കൊപ്പം' എന്നു കുറിച്ചിരിക്കുന്ന ബാനറുമായി വേദയിലെത്തിയപ്പോള്‍ സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. വനിതാ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകയാണ് റിമ. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്  രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സംസ്ഥാന ചലചിത്ര പുരസ്‌കാര വേദിയാണിത്.

ദിലീപിനെ മാത്രം പിന്തുണയ്ക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സംവിധായകന്‍ ആഷിക് അബു തിരക്കഥാകൃത്ത് ദീദ ദാമോദരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്‍മാരുടെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സജിതാ മഠത്തില്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.