ബോളിവുഡ് നടി ദിയ മിര്‍സയും ഭര്‍ത്താവ് സാഹില്‍ സംഘയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിവാഹമോചിതയാകുന്നുവെന്ന വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

എന്നാല്‍ ഇപ്പോള്‍ ദിയ വിവാഹമോചിതയാകാന്‍ കാരണം എഴുത്തുകാരിയായ കനിക ദില്ലന്‍ ആണെന്നും ഇവരും സാഹിലും തമ്മിലുള്ള അടുപ്പമാണ് വിവാഹമോചനത്തിലേ്ക്ക് നയിച്ചതെന്നുമുള്ള ഗോസിപ്പുകളാണ് പ്രചരിക്കുന്നത്, ഇതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയയും കനികയും

ഇത് തീര്‍ത്തും തെറ്റായ പ്രചാരണമാണെന്നും നിരുത്തവാദിത്തപരമായ ഇത്തരം പ്രവര്‍ത്തനങ്ങൾ കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ദിയ പ്രതികരിച്ചു.

'സാഹിലുമായുള്ള എന്റെ വേര്‍പിരിയലിനെക്കുറിച്ച് ചില പ്രത്യേക വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന എല്ലാത്തരം ഊഹക്കച്ചവടങ്ങള്‍ക്കും വ്യക്തത വരുത്താനും അവ അവസാനിപ്പിക്കാനുമാണ് ഈ ട്വീറ്റ്.  നിരുത്തരവാദപരമായ ഇത്തരം പ്രവർത്തനങ്ങൾ കാണുന്നത് ഏറ്റവും ദൗര്‍ഭാഗ്യകരമാണ്.

അതിലും വലിയ നിര്‍ഭാഗ്യകരമായ കാര്യം, ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഈ മാധ്യമങ്ങള്‍ കളങ്കപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. ഒരു നുണ സ്ഥിരീകരിക്കാന്‍ മറ്റൊരു സ്ത്രീയുടെ പേര് നിരുത്തരവാദപരമായി ഉപയോഗിക്കുന്നത് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് സമ്മതിച്ചു തരാനാവില്ല.

ആരോപണവിധേയമായ റിപ്പോര്‍ട്ടുകളില്‍ യാതൊരു സത്യവുമില്ല. മാത്രമല്ല സാഹിലും ഞാനും വേര്‍പിരിയുന്നതില്‍ മൂന്നാമതൊരു വ്യക്തിക്ക് പങ്കില്ല. അല്‍പ മാന്യത കാണിക്കണമെന്നും ഈ സമയം കുറച്ച് സ്വകാര്യത ഞങ്ങള്‍ക്ക് അനുവദിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.. അവര്‍ അത് മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു'. ദിയ ട്വീറ്റ് ചെയ്തു.

Dia Mirza

കനികയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
ചിരിപ്പിക്കുന്ന-നിന്ദ്യമായ-നിരുത്തരവാദപരമായ കാര്യം. എഴുത്ത് എന്റെ ജോലിയാണ്! ടാബ്ലോയിഡുകള്‍ക്ക് ഒരല്‍പം കൂടി ഉത്തരവാദിത്തം കാണിക്കാനാകുമോ പ്ലീസ്... രണ്ട് വാര്‍ത്തകള്‍ ഒരേ സമയം വന്നു എന്നത് കൊണ്ട്  അവ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയില്ല! ഇത് അവിയലല്ല.. എന്റെ സജീവിതത്തില്‍ ദിയയേയോ, സാഹിലിനെയോ ഞാന്‍ കണ്ടിട്ടില്ല. പ്ലീസ്  അത് വിട്ടേക്കൂ...നമ്മുടെ ജോലികളിലേക്ക് തിരികെ ചെല്ലാം.. കനിക വ്യക്തമാക്കി

Kanika dhillon

അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ 2014 ലായിരുന്നു ഇവരുടെ വിവാഹം. 

പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം. വേര്‍പിരിഞ്ഞാലും പരസ്പ ബഹുമാനത്തോടെ സുഹൃത്തുക്കളായി ജീവിക്കുമെന്ന് ദിയയും സാഹിലും വ്യക്തമാക്കി. പിന്തുണ നല്‍കി തങ്ങള്‍ക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ നന്ദി അറിയിച്ചു.

Content Highlights : Dia Mirza slams reports suggesting Kanika Dhillon was reason behind her seperation from sahil