കോഴിക്കോടിനെ പശ്ചാത്തലമാക്കി തോമസ് കെ. സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അനൂപ് ജോസഫിന്റെ കഥയ്ക്ക് ധ്യാന്‍ ശ്രീനിവാസാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ധ്യാന്‍ തന്നെയാണ് നായകന്‍. നിരഞ്ജന അനൂപാണ് നായികാ വേഷത്തിലെത്തുന്നത്. ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
കോഴിക്കോടിന്റെ എല്ലാ കാഴ്ച്ചകളും ഉള്‍പ്പെടുത്തി ഒരുക്കുന്ന തനി കോഴിക്കോടന്‍ സിനിമയായിരിക്കും ഈ ചിത്രം. നല്ലൊരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും യുവാക്കള്‍ക്കായൊരുക്കുന്ന ചിത്രമായിരിക്കുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ തോമസ് കെ. സെബാസ്റ്റ്യൻ പറഞ്ഞു. ഒരു റസ്‌റ്റോറന്റിന്റെ ഉടമയായാണ് അലന്‍സിയര്‍ ചിത്രത്തിലെത്തുന്നത്. അലന്‍സിയറിന്റെ മകനാണ് ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം.
ഒരു ഗുജറാത്തി സിനിമയുടെ ആശയമാണ് ചിത്രത്തിനാധാരമെന്ന് തിരക്കഥാകൃത്ത് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഈ കഥ കോഴിക്കോടന്‍ പശ്ചാത്തലത്തിലേക്ക് മാറ്റിപ്പണിയുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനായി മനോഹരമായൊരു സെറ്റും കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.