ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വര്‍മ്മയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ.

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം സംവിധാനം ചെയ്ത ബാലയെ മാറ്റിയാണ് ഗിരീസായ സംവിധായകനായത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തെ കുറിച്ച് തങ്ങള്‍ക്കുള്ള അതൃപ്തി രേഖപ്പെടുത്തുന്നത്. 

തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും താന്‍ സ്വയം പിന്മാറുകയാണെന്ന് വ്യക്തമാക്കി ബാല രംഗത്ത് വന്നതും ധ്രുവിനെ വച്ച് തന്നെ ചിത്രം രണ്ടാമതും ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുന്നതും. 

ആദിത്യ വര്‍മ്മയിലെ നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്‌നയെയും മറ്റൊരു നടിയായ റെയ്സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്‌സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. 

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ധ്രുവിന്റെ പ്രകടനം അസാധ്യമാണെന്നും വിലയിരുത്തുന്നുണ്ട്. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തതിനാല്‍ അടുത്തത് ഇനി മലയാളത്തിലാവുമെന്നും എങ്കില്‍ നിവിന്‍ പോളിയാണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനെന്നും ആരാധകര്‍ കമന്റുമായെത്തുന്നു. നവംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights : dhruv vikram in adithya varma trailer out