ദൃശ്യം 3 ഒരുക്കുവാന്‍ കഥകള്‍ ക്ഷണിക്കുന്നു എന്ന പ്രചരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജീത്തു ജോസഫ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീത്തു ജോസഫിന്റെ ഇ മെയില്‍ ഐ.ഡി. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സംവിധായകന്റെ പ്രതികരണം.

''ദൃശ്യം 3 യുടെ കഥകള്‍ സംവിധായകന്‍ ക്ഷണിക്കുന്നു എന്ന പേരില്‍ എന്റെ ഇ മെയില്‍ ഐ.ഡി. ആരോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വേറെ കഥകളുമായി ബന്ധപ്പെട്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരുമായി സംവദിക്കാനും ഞാന്‍ ഉപയോഗിക്കുന്ന ഒരു ഇ മെയില്‍ ഐ.ഡിയാണിത്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഞാന്‍ ആ ഇ മെയില്‍ ഐ.ഡിയെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ അതിലേക്ക് ധാരാളം മെയിലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മെയിലുകള്‍ ഓവര്‍ലോഡായി പലതും ബൗൺസ് ചെയ്തു പോവുകയാണ്. ദയവ് ചെയ്ത് ദൃശ്യം 3 യുടെ കഥ പറഞ്ഞ് ആരും മെയില്‍ അയക്കരുത്. ദൃശ്യം 3 ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ തീരുമാനിച്ചിട്ടില്ല. ഞാന്‍ ആരുടെയും അടുത്ത് നിന്ന് കഥവാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ദയവ് ചെയ്ത് ഇതിനെ ഒരു വ്യാജവാര്‍ത്തയായി തള്ളികളയണം.'' ജീത്തു ജോസഫ് പറഞ്ഞു.

Content Highlights: Dhrishyam 2 Jeethu Joseph says he is not accepting any stories for Drishaym 3, email-id