ധർമജൻ ബോൾഗാട്ടി | PHOTO: MATHRUBHUMI
സിനിമയിൽ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാൻ വിളിക്കാത്തതാണെന്നും നടൻ ധർമജൻ ബോൾഗാട്ടി. മൈൽസ്റ്റോൺ മേക്കേർസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'എന്നെ മനഃപൂർവം ഒഴിവാക്കിയതായിരിക്കും ആൾക്കാർ. ഒന്ന് കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ആരേയും വിളിക്കാറില്ല. ഞാൻ അങ്ങനെ സിനിമയെപ്പറ്റി ചോദിക്കാറില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ആരേയും വിളിച്ച് ചാൻസ് ചോദിച്ചിട്ടില്ല, അതിന്റെയൊക്കെ ആയിരിക്കാം.
ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമയ്ക്ക് നമ്മളെ വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാൻ. പകരക്കാർ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല, അവർ തരുന്നുമില്ല. നമ്മളും വിളിക്കുന്നില്ല, അവരും വിളിക്കുന്നില്ല. അതിൽ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.
നമ്മൾ നാട്ടിൻപുറത്ത് ജനിച്ച്, കഷ്ടപ്പാടുകളിലൂടെ വളർന്നു വന്ന ഒരാളാണ് ഞാൻ. മിമിക്രിയിലൂടെ വന്ന്, ഷോകൾ എല്ലാം ചെയ്ത് പടി പടിയായി വളർന്നു വന്ന ആളാണ് ഞാൻ. പെട്ടെന്ന് പൊട്ടി മുളച്ചതല്ല. ആരോടും ഞാൻ പോയി ചാൻസ് ചോദിച്ചിട്ടില്ല, ദിലീപേട്ടൻ ആണെന്നെ സിനിമയിലേയ്ക്ക് കൊണ്ട് വന്നത്. ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല. ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഇനി ഞാൻ ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും, ഇനി മുതൽ ചാൻസ് ചോദിക്കണം', ധർമജൻ പറഞ്ഞു.
കുറച്ചുനാളുകൾക്ക് മുൻപ് സത്യൻ അന്തിക്കാട് ചിത്രത്തിൽ ഇന്നസെൻറ് വഴി വേഷം ലഭിച്ച അനുഭവവും ധർമ്മജൻ പങ്കുവെച്ചിട്ടുണ്ട്. സൈജു കുറുപ്പിനൊപ്പം പൊറാട്ട് നാടകം, ടിനി ടോമിനൊപ്പം പൊലീസ് ഡേ എന്നീ ചിത്രങ്ങളാണ് ധർമജന്റേതായി പുറത്തിറങ്ങാനുള്ളത്.
Content Highlights: dharmajan about cinema life reasons of not active in cinema recent times
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..